തിരുവമ്പാടി: അയല്‍വാസിയെ മർദിച്ച്‌ കാല്‍ തല്ലിയൊടിച്ച ശേഷം നഷ്ടപരിഹാരം നല്‍കുന്നതിന് പകരം പോലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച്‌ മർദനമേറ്റയാളുടെ പേരില്‍ പീഡന കേസ് രജിസ്റ്റർ ചെയ്യിച്ചെന്ന പരാതിയില്‍ തിരുവമ്ബാടി പോലീസ് ഇൻസ്പെക്ടർക്കും എസ്.ഐ.ക്കുമെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
പരാതി കമ്മീഷൻ്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിക്കും.

കമ്മീഷൻ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസറായ ഐ.ജിക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജു നാഥ് നിർദേശം നല്‍കിയത്. പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്ബുണ്ടെന്ന് കമ്മീഷൻ കണ്ടെത്തി.കൂടരഞ്ഞി സ്വദേശി ജനീഷ് കുര്യൻ സമർപ്പിച്ച പരാതിയിലാണ് നടപടി. അയല്‍ക്കാരനായ ജോമി ജോസഫാണ് മർദിച്ചതെന്ന് പരാതിയില്‍ പറയുന്നു. തുടർന്ന് കേസു കൊടുത്തെങ്കിലും കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻ്റ് ഇടപെട്ട് 2,70,000 രൂപ നഷ്ടപരിഹാരം വാങ്ങി നല്‍കാമെന്ന പേരില്‍ കേസുമായി മുന്നോട്ടു പോയില്ല.എന്നാല്‍ പ്രതി രണ്ടു ലക്ഷം മാത്രം നല്‍കി. തുടർന്ന് പോലീസിനെ സമീപിച്ചെങ്കിലും മർദ്ദനത്തില്‍ കേസെടുത്തില്ല.

പരാതിക്കാരൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചപ്പോള്‍ ജോമി ജോസഫിൻ്റെ ഭാര്യയുടെ പരാതിയില്‍ തനിക്കെതിരെ കേസെടുക്കുമെന്ന് തിരുവമ്ബാടി എസ്‌എച്ച്‌ ഒ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. പരാതിക്കാരൻ വീണ്ടും കമ്മീഷനെ സമീപിച്ചു. അപ്പോള്‍ തൻ്റെ പരാതിയിലും ജോമി ജോസഫിൻ്റെ ഭാര്യയുടെ പരാതിയിലും കേസെടുത്തു. തുടർന്ന് പരാതിക്കാരന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കമ്മീഷനില്‍ പരാതി നല്‍കിയതിനാണ് തനിക്കെതിരെ കള്ള പരാതി രജിസ്റ്റർ ചെയ്തതെന്ന് പരാതിക്കാരൻ അറിയിച്ചു. മാർച്ചില്‍ കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ ഐ.ജിക്ക് നല്‍കിയ നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *