മുക്കം: മനുഷ്യ ചരിത്രത്തിലെ ധീരനായ മനുഷ്യനാണ് മഹാത്മാഗാന്ധിയെന്ന് എം.എൻ. കാരശേരി.ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ ഗാന്ധി പാര്‍ക്ക് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധി എന്ന് പറയുന്നത് ഒരു ആശയമാണ്, ഒരു രീതി ശാസ്ത്രമാണ്. സത്യത്തിലും അഹിംസയിലും അധിഷ്ഠിതമായി ഒരു നിലപാടിന്‍റെ പേരാണ് ഗാന്ധി എന്നും അദ്ദേഹം പറഞ്ഞു. അധികാരമില്ലാത്തവനെയാണ് ചരിത്രം ഓര്‍ക്കുന്നത്.

ഗാന്ധിയും ബുദ്ധനും എല്ലാം അധികാരമില്ലാതെ ചരിത്രം സൃഷ്ടിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാഹിയ അസോസിയേഷൻ സെക്രട്ടറി ഷഫീഖ് മാടായി അധ്യക്ഷത വഹിച്ചു. മാധ്യമം ചീഫ് എഡിറ്റര്‍ ഒ. അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി. നാഷണല്‍ സര്‍വീസ് സ്കീം സംസ്ഥാനതലത്തില്‍ നടപ്പിലാക്കുന്ന ഗാന്ധിസ്മൃതി പദ്ധതിയുടെ ഭാഗമായാണ് സ്കൂളില്‍ ഗാന്ധി പാര്‍ക്ക് നിര്‍മിച്ചത്.

സ്കൂളില്‍ രാഷ്ട്രപിതാവിന്‍റെ സ്മരണയും രാഷ്ട്രപിതാവിന്‍റെ ആശയങ്ങള്‍ വിദ്യാര്‍ഥികളിലേക്ക് എത്തിക്കുന്നതും ലക്ഷ്യമിട്ടാണ് ഈ ഒരു പദ്ധതി. ഗാന്ധിയൻ ആദര്‍ശങ്ങളെയും ജീവിത മൂല്യങ്ങളെയും വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തും. ചര്‍ച്ചകളും സെമിനാറുകളും ഇതുമായി ബന്ധപ്പെട്ട് നടത്തും. പൂര്‍വ വിദ്യാര്‍ഥി മുര്‍ഷാദ് കാരാട്ടാണ് ഗാന്ധി പാര്‍ക്കിന്‍റെ രൂപരേഖ തയാറാക്കിയത്.

ഒന്നേകാല്‍ ലക്ഷം രൂപ ചെലവിലാണ് ഗാന്ധി പാര്‍ക്ക് നിര്‍മിച്ചത്.എം.കെ. ഫൈസല്‍, പി.കെ. അബ്ദുറസാഖ്, ഇ. അബ്ദുല്‍ റഷീദ്, യു.പി. മുഹമ്മദലി, അഡ്വ. ഉമ്മര്‍ പുതിയോട്ടില്‍, ഡോ. ഇ. ഹസ്ബുല്ല, കെ. മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *