NADAMMELPOYIL NEWS
DECEMBER 31/2023

കണ്ണൂര്‍: പാപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവര്‍ണറുടെ കോലം കത്തിച്ച്‌ എസ്‌എഫ്‌ഐ. പയ്യാമ്ബലം ബീച്ചില്‍ പുതുവര്‍ഷ ആഘോഷത്തിന്റെ ഭാഗമായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ചത്.
ഗവര്‍ണര്‍ക്കെതിരായ പ്രതിക്ഷേധങ്ങളുടെ തുടര്‍ച്ചയാണിതെന്ന് എസ്‌എഫ്‌ഐ പ്രതികരിച്ചു.

സംസ്ഥാന പ്രസിഡന്റ് അനുശ്രീയാണ് 30 അടി ഉയരമുള്ള ഗവര്‍ണറുടെ കോലം കത്തിച്ചത്. സര്‍വ്വകലാശാലകളുടെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ ദിവസങ്ങളായി വലിയ പ്രതിഷേധമാണ് എസ്‌എഫ്‌ഐ ഉയര്‍ത്തുന്നത്.

സര്‍വകലാശാലകളില്‍ സംഘപരിവാര്‍ ശക്തികളെ തിരികിക്കയറ്റാൻ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച്‌ എസ്‌എഫ്‌ഐ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു. പിന്നാലെ കേരളം മുഴുവൻ പോസ്റ്റര്‍ യുദ്ധത്തിനാണ് സാക്ഷിയായത്. എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ ക്രിമിനലുകളെന്ന് വിളിച്ച ഗവര്‍ണര്‍ കോഴിക്കോട് മിഠായി തെരുവിലെത്തി ജനങ്ങളെ നേരിട്ട് കണ്ട് കുശാലാന്വേഷണം നടത്തുകയും സര്‍ക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തതും വലിയ വാര്‍ത്തയായിരുന്നു.

അതേസമയം, എസ്‌എഫ്‌ഐയെയും പൊലീസിനെയും നിയന്ത്രിക്കുന്നത് ഒരു പാര്‍ട്ടിയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വിമര്‍ശിച്ചു. വാഹനത്തിന് അടുത്ത് പ്രതിഷേധിച്ചാല്‍ താൻ പുറത്ത് ഇറങ്ങുമെന്ന നിലപാടും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. സത്യപ്രതിജ്ഞ ചടങ്ങില്‍ താൻ വന്നപ്പോള്‍ തന്നെ എല്ലാവരേയും അഭിവാദ്യം ചെയ്തിരുന്നു. മാധ്യമങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *