കോഴിക്കോട്:2019 ഒക്ടോബര്‍ 4, കോഴിക്കോട് ജില്ലയിലെ കൂടത്തായിയില്‍ നാല് മനുഷ്യരെ അടക്കം ചെയ്ത ലൂര്‍ദ് മാതാ പള്ളി സെമിത്തേരിയിലെ രണ്ട് കല്ലറകളും രണ്ടുപേരെ അടക്കം ചെയ്ത കോടഞ്ചേരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിലെ ഒരു കല്ലറയും പോലീസ് അന്വേഷണത്തിന്റെ ഭാഗമായി തുറക്കുന്നു.
പോലീസ് എന്തിനാണ് ഈ പഴയ കല്ലറകള്‍ കുത്തിത്തുറക്കുന്നത് എന്നറിയാനുള്ള കൗതുകത്തില്‍ നാട്ടുകാര്‍ ചുറ്റും കൂടി. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ എട്ട് ഫൊറൻസിക് ഡോക്ടര്‍മാര്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു മൃതദേഹങ്ങള്‍ പരിശോധിച്ചത്. 2019 ഒക്ടോബര്‍ നാലിന് ആറ് മൃതദേഹങ്ങള്‍ പരിശോധിച്ചു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ എട്ട് ഫൊറൻസിക് ഡോക്ടര്‍മാര്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് 2019 ഒക്ടോബര്‍ നാലിന് ആറ് മൃതദേഹങ്ങള്‍ വിശദമായി പരിശോധിച്ച് സാംപിളുകള്‍ ശേഖരിച്ചു.
ഒരു വ്യാജ ഒസ്യത്തിന്മേല്‍ തുടങ്ങിയ അന്വേഷണം ഒടുവില്‍ ചെന്നെത്തിയത് പൊന്നാമറ്റം കുടുംബത്തിലേതടക്കം ആറ് പേരുടെ മരണത്തിന്റെ കാരണങ്ങളിലേക്കാണ്. കൃത്യം രണ്ട് ദിവസങ്ങള്‍ക്ക് ശേഷം പൊന്നാമറ്റം കുടുംബത്തിലെ മരുമകള്‍ ജോളി ജോസഫ് അറസ്റ്റിലാകുന്നു. പിന്നീട് ചുരുളഴിഞ്ഞത് 2001 മുതല്‍ ആരംഭിച്ച കൊലപാതക പരമ്ബരയുടെ രഹസ്യങ്ങളാണ്.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണ് കൂടത്തായി സൈനയ്ഡ് കൊലപാതകം.അതുകൊണ്ട് തന്നെയാണ് ഈ കേസിനെ ആസ്പദമാക്കി കറി ആന്റ് സയനൈഡ് ; ദ ജോളി ജോസഫ് കേസ് എന്ന പേരില്‍ ഒരു ഡോക്യുമെന്ററി ചിത്രം നെറ്റ്ഫ്ലിക്സ് ഒരുക്കിയിരിക്കുന്നത്. ക്രിസ്റ്റോ ടോമി, ശാലിനി ഉഷാദേവി എന്നിവരാണ് ഈ ഡോക്യുമെന്ററിയുടെ പ്രധാന അണിയറപ്രവര്‍ത്തകര്‍.
റോയ് തോമസിന്റെ ജീവിത പങ്കാളിയായി 1997 ലാണ് കട്ടപ്പന സ്വദേശിയായ ജോളി കോഴിക്കോടെത്തുന്നത്. ബിരുദാനന്തര ബിരുദധാരിയാണെന്ന് അവകാശപ്പെട്ട ജോളിയോട് ഭര്‍തൃമാതാവ് നിരന്തരം ജോലിയ്ക്ക് പോകാൻ പറയുമായിരുന്നു. അതിനിടെ ജോളി ഗര്‍ഭിണിയാകുന്നു. ആദ്യ മകൻ പിറന്നതിന് ശേഷം അന്നമ്മ വീണ്ടും ജോലിയുടെ വിഷയം ജോളിയ്ക്ക് മുന്നില്‍ എടുത്തിടുന്നു. എന്നാല്‍ ജോളി അതിനെ മുഖവിലയ്ക്ക് എടുക്കുന്നില്ല. 2002 ല്‍ പൊന്നാമറ്റം കുടുംബത്തില്‍ എല്ലാവരും ഒത്തുകൂടിയ ഒരു ദിവസം. ഒരു ഗ്ലാസ് വെള്ളം കുടിച്ച് കിടപ്പുമുറിയിലേക്ക് പോയ അന്നമ്മ ദേഹാസ്വസ്ഥ്യങ്ങള്‍ പ്രകടിപ്പിക്കാൻ തുടങ്ങുന്നു. ശരീരമാകെ വിറയ്ക്കുന്നു, കൈകാലുകള്‍ തകരുന്നു. അവിടുണ്ടായിരുന്ന മക്കളെല്ലാം ചേര്‍ന്ന് ഉടൻ തന്നെ അന്നമ്മയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണെന്ന വിലയിരുത്തലില്‍ അന്നമ്മയുടെ ഭൗതിക ശരീരം പളളിയില്‍ അടക്കുന്നു.
അന്നമ്മയുടെ മരണശേഷം വീടിന്റെ അധികാരം ജോളി ഏറ്റെടുത്തതോടെ പൊന്നാമറ്റം കുടുംബത്തില്‍ മരണങ്ങള്‍ കൂടാതെ ഒരുപാട് പ്രശ്നങ്ങളുമുണ്ടാകുന്നുണ്ട്. അന്നമ്മയുടെ മറ്റു രണ്ടുമക്കളായ റോജോ തോമസിന്റെയും രഞ്ജി തോമസിന്റെയും മനസ്സില്‍ ചെറിയ സംശയങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത് സഹോദരൻ റോയ് തോമസിന്റെ മരണത്തിന് ശേഷമാണ്. എന്നാല്‍ തങ്ങളുടെ തോന്നലുകളില്‍ എന്തൊക്കെയോ ശരിയുണ്ടെന്നും പോലീസിന്റെ സഹായം തേടണമെന്നും റോജോയും രഞ്ജിയും തീരുമാനിക്കുന്നത് ഒരു ഒസ്യത്ത് പുറത്ത് വന്നതിന് പിന്നാലെയാണ്. പ്രാഥമികഘട്ടത്തില്‍ ഒരു സ്വത്ത് തര്‍ക്കത്തിനപ്പുറം ഇവരുടെ പരാതിയില്‍ ഒന്നുമില്ലെന്ന് പോലീസ് കരുതിയപ്പോള്‍ അന്വേഷണം മുന്നോട്ടുപോയില്ല. കെ.ജി. സൈമണ്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റെടുത്തപ്പോഴാണ് ഇവരുടെ പരാതിയെ ഗൗരവകരമായി പോലീസ് പരിഗണിക്കുന്നത്. പിന്നീട് അന്വേഷണത്തിനായി സ്പെഷല്‍ ബ്രാഞ്ച് സബ് ഇൻസ്പെക്ടര്‍ ജീവൻ ജോര്‍ജിനെ ചുമതലപ്പെടുത്തി. ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യത ഉണ്ടെന്നുമായിരുന്നു ജീവൻ ജോര്‍ജ് സമര്‍പ്പിച്ച റിപ്പോര്‍ട്ട്.
ജില്ലാ സി ബ്രാഞ്ച് ഡി.വൈ.എസ്.പി. ആര്‍. ഹരിദാസന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ആറു മരണങ്ങളും കൊലപാതകമാണെന്ന് ഉറപ്പിച്ചതോടെയാണ് കല്ലറ തുറക്കാൻ തീരുമാനിച്ചതും ഒടുവില്‍ ജോളിയിലേക്ക് അന്വേഷണമെത്തിയതും. കല്ലറ തുറക്കുന്നത് സംബന്ധിച്ച് ബന്ധുക്കളില്‍ നിന്നും പരിചയക്കാരില്‍ നിന്നും റോജോയും രഞ്ജുവും ധാരാളം എതിര്‍പ്പുകള്‍ നേരിട്ടു. എന്നാല്‍ അവര്‍ തങ്ങളുടെ തീരുമാനത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടുപോയില്ല. കല്ലറ തുറക്കാൻ പോലീസ് തീരുമാനമെടുത്തപ്പോള്‍ പരിഭ്രാന്തയായ ജോളി അതാവശ്യമില്ലെന്ന് പറഞ്ഞ് മറ്റുള്ളവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതുമെല്ലാം റോയിയുടെ സഹോദരങ്ങള്‍ ആരോപിക്കുന്നു.
ജോളിയുടെയും റോയ് തോമസിന്റെയും മകൻ റെമോ റോയ്, റോയ് തോമസിന്റെ സഹോദരങ്ങളായ രഞ്ജി, റോജോ, അന്വേഷണ ഉദ്യോഗസ്ഥൻ കെ.ജി സൈമണ്‍ ജോളിയുടെ അഭിഭാഷകൻ ബി.എ ആളൂര്‍, ഫോറൻസിക് വിദഗ്ധര്‍, മനശാസത്രജ്ഞര്‍, അയല്‍വാസികള്‍ തുടങ്ങിയവരെല്ലാം കറി ആന്റ് സയനൈഡ് ; ദ ജോളി ജോസഫ് കേസ് ഡോക്യുമെന്ററിയുടെ ഭാഗമാകുന്നു.
തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും ജോലിയെക്കുറിച്ചും പറഞ്ഞു പരത്തിയ പച്ചക്കള്ളങ്ങളാണ് ജോളിയ്ക്ക് വലിയ വിനയാകുന്നത്. പക്ഷേ എന്തായിരുന്നു ജോളിയുടെ ലക്ഷ്യം? സ്വത്തോ പണമോ അധികാരമോ അല്ലെങ്കില്‍ കൊലപാതങ്ങളില്‍ ഒരു സീരിയല്‍ കില്ലര്‍ കണ്ടെത്തുന്ന ആനന്ദമോ? അതിലേക്ക് ഇറങ്ങി ചെല്ലുകയാണ് റി ആന്റ് സയനൈഡ് ; ദ ജോളി ജോസഫ് കേസ്.