താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കാര്‍ തടഞ്ഞുനിര്‍ത്തി 68 ലക്ഷം രൂപ കവര്‍ന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ പിടിയില്‍.
കോഴിക്കോട് പന്തീരാങ്കാവ് മൂര്‍ഖനാട് പാറക്കല്‍ താഴം അബ്ദുല്‍ മെഹ്റൂഫിനെ (33) ആണ് താമരശ്ശേരി പൊലീസ് കോഴിക്കോട് ബട്ട് റോഡ് ബീച്ചില്‍നിന്ന് പിടികൂടിയത്. ഇക്കഴിഞ്ഞ 13നാണ് സംഭവം. സംഭവത്തിന്റെ തലേദിവസം വയനാട്ടിലെ റിസോര്‍ട്ടില്‍ താമസിച്ച് കവര്‍ച്ച പദ്ധതി തയാറാക്കുകയും പിറ്റേന്ന് രാവിലെ കൊടുവള്ളിയിലേക്ക് കാറില്‍ വരുകയായിരുന്ന മഹാരാഷ്ട്ര സ്വദേശിയും മൈസൂരുവില്‍ താമസക്കാരനുമായ വിശാല്‍ ഭഗത് മട്‌കരിയെ (27) സംഘം കൊള്ളയടിച്ച് കാറുമായി കടന്നുകളയുകയുമായിരുന്നു. തൃശൂരിലെത്തി സംഘാംഗങ്ങള്‍ക്ക് 50,000 രൂപ വീതം നല്‍കിയതായും പൊലീസ് പറഞ്ഞു. എറണാകുളം കുഞ്ഞിക്കൈ കളത്തില്‍ തൊമ്മൻ എന്ന തോമസ് (40), തൃശൂര്‍ കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് അലങ്കാരത്ത് പറമ്ബില്‍ ഷാമോൻ (23), കണ്ണൂര്‍ ഇരിട്ടി കോയിലേരി ഹൗസില്‍ അജിത്ത് (30), താമരശ്ശേരി മൂന്നാംതോട് മുട്ടുകടവ് സുബീഷ് (40) എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു.