NADAMMELPOYIL NEWS
DECEMBER 19/2023
ഓമശ്ശേരി: ഗ്രാമപഞ്ചായത്ത് ഓഫിസ് കെട്ടിടത്തിനു പിറകില്‍ സ്ഥാപിച്ച മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ ഓഡിറ്റ് വിഭാഗവും.
അനുയോജ്യമായ സ്ഥലത്തല്ല കെട്ടിടം പണിതതെന്ന് ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടി. വിവിധ സ്ഥലങ്ങളില്‍നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ താല്‍ക്കാലികമായി സംഭരിച്ചുവെക്കാനാണ് 8,64,115 രൂപ മുടക്കി ഇവിടെ സംഭരണ കേന്ദ്രം നിര്‍മിച്ചത്. കെട്ടിടം എം.സി.എഫ് ആയി ഉപയോഗിക്കുന്നതിനുള്ള സൗകര്യം ഈ സ്ഥലത്ത് ഇല്ല. ഫയര്‍ എൻ.ഒ.സി ഇല്ലാത്തതിനാല്‍ മിനി എം.സി.എഫ് ആയി ഉപയോഗിക്കുന്നതിനുപോലും ഇവിടെ സൗകര്യമില്ലെന്നും ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടുന്നു.
കെട്ടിട നിര്‍മാണത്തിനെതിരെ പരിസരവാസികള്‍ ജില്ല കലക്ടര്‍ ഉള്‍പ്പെടെയുള്ളവരെ സമീപിച്ചിരുന്നു. തങ്ങള്‍ വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന നടപ്പാതയിലാണ് സംഭരണ കേന്ദ്രം നിര്‍മിക്കുന്നതെന്നും പാത അടച്ചുപൂട്ടരുതെന്നുമായിരുന്നു നാട്ടുകാരുടെ പരാതി. എന്നാല്‍, മാലിന്യ സംഭരണ കേന്ദ്രത്തിന് ഇവിടെ അനുയോജ്യമല്ലെന്ന് ഓഡിറ്റ് വിഭാഗം തന്നെ ഇപ്പോള്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.