NADAMMELPOYIL NEWS
NOVEMBER 28/2023
കോഴിക്കോട്: പാകിസ്ഥാൻ ബന്ധമുള്ള ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കേരളമടക്കം നാല് സംസ്ഥാനങ്ങളില്‍ എൻഐഎ റെയ്‌ഡ്. കേരളത്തില്‍ കോഴിക്കോടാണ് റെയ്‌ഡ് നടന്നത് (NIA Raid at Kozhikode in Terror Module Case). പാക് പിന്തുണയുള്ള ഗസ്‌വ ഇ ഹിന്ദ് (Ghazwa e Hind) എന്ന സംഘടന ആസൂത്രണം ചെയ്‌ത ഭീകരാക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ബീഹാറില്‍ എടുത്ത കേസിലാണ് പരിശോധനകള്‍ നടന്നത്.
കോഴിക്കോട് കൂടാതെ മധ്യപ്രദേശിലെ ദേവാസ്, ഗുജറാത്തിലെ ഗിര്‍ സോമനാഥ്, ഉത്തര്‍പ്രദേശിലെ അസംഗഢ് എന്നിവിടങ്ങളിലാണ് റെയ്‌ഡ് നടന്നത്. റെയ്‌ഡില്‍ നിരവധി നിര്‍ണായക രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു. പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യാ വിരുദ്ധ ശക്തികളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് റെയ്‌ഡില്‍ കണ്ടെത്തിയെന്നും എൻഐഎ വൃത്തങ്ങള്‍ പറഞ്ഞു.
ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നതിന് ഗസ്‌വ ഇ ഹിന്ദ് എന്ന സംഘടനയുടെ പേരില്‍ വാട്‌സ്‌ആപ്പ് ഗ്രൂപ്പ് രൂപീച്ച് പ്രവര്‍ത്തനം നടത്തിയതിന് കഴിഞ്ഞ വര്‍ഷം പട്‌നയില്‍ നിന്ന് ഒരാള്‍ അറസ്റ്റിലായിരുന്നു. താഹിര്‍ എന്ന മര്‍ഗൂബ് അഹമ്മദ് ഡാനിഷിഷ് (Marghoob Ahmad Danish) എന്നയാളാണ് അറസ്റ്റിലായത്. ഒരു പാകിസ്ഥാൻ പൗരൻ സൃഷ്‌ടിച്ച ഗസ്‌വ ഇ ഹിന്ദ് എന്ന വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പിന്‍റെ അഡ്‌മിനായിരുന്ന ഇയാള്‍ രാജ്യവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിച്ചതായും, യുവാക്കളെ റിക്രൂട്ട് ചെയ്‌ത് ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടതായും കണ്ടെത്തി. ഇയാളുമായി ആശയവിനിമയം നടത്തിയവരുടെ വിവരങ്ങള്‍ പ്രകാരമാണ് ഇപ്പോള്‍ കേരളത്തിലടക്കം റെയ്‌ഡ് നടന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈ 14 ന് ബീഹാറിലെ ഫുല്‍വാരിഷരീഫ് പോലീസാണ് സംഭവത്തില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്‌തത്. ടെലിഗ്രാം, ബിപി മെസഞ്ചര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമായിരുന്ന ഈ ഗ്രൂപ്പില്‍, ഇന്ത്യയില്‍ നിന്നും പാകിസ്ഥാൻ, ബംഗ്ലാദേശ്, യെമൻ തുടങ്ങിയ മറ്റ് രാജ്യങ്ങളില്‍ നിന്നും നിരവധി ആളുകളെ പ്രതി താഹിര്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇന്ത്യയിലുടനീളം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താൻ സ്ലീപ്പര്‍ സെല്ലുകള്‍ ഉയര്‍ത്തുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് താഹിര്‍ ഗ്രൂപ്പ് അംഗങ്ങളെ പ്രചോദിപ്പിക്കാൻ ശ്രമിച്ചതെന്ന് എൻഐഎ അന്വേഷണത്തില്‍ തെളിഞ്ഞു, ‘ബിഡി ഗസ്വാ ഇ ഹിന്ദ് ബിഡി’ എന്ന പേരില്‍ മറ്റൊരു വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പും താഹിര്‍ സൃഷ്‌ടിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതില്‍ ഇയാള്‍ ബംഗ്ലാദേശി പൗരന്മാരെ അംഗങ്ങളാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈ 22 ന് സംസ്ഥാന പോലീസില്‍ നിന്ന് അന്വേഷണം ഏറ്റെടുത്തത് മുതല്‍ എൻഐഎ കേസ് അന്വേഷിച്ചുവരികയാണ്. കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ജനുവരി 6 ന് എൻഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.