NADAMMELPOYIL NEWS
NOVEMBER 28/2023
കൊ: കാത്തിരിപ്പുകള്‍ക്കും ആശങ്കകള്‍ക്കും വിരാമം. ഒടുവില്‍ 21 മണിക്കൂറിന് ശേഷം അബിഗേലിനെ തിരികെ കിട്ടി.
കൊല്ലം ഓയൂരില്‍ നിന്നും ഇന്നലെ തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറയെ കണ്ടെത്തിയത് ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍. ഒരു നാട് മുഴുവനും കാത്തിരുന്ന നിമിഷമാണിത്. ഇന്നലെ വൈകിട്ട് കാണാതെ പോയ അബിഗേലിന് വേണ്ടി കേരളം മുഴുവന്‍ പ്രാര്‍ത്ഥനയോടെയാണ് കാത്തിരുന്നത്. 21മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തുന്നത്. അതിര്‍ത്തികളിലുള്‍പ്പെടെ വാഹനപരിശോധന ഉള്‍പ്പെടെ കര്‍ശന പരിശോധനയിലൂടെയാണ് കഴിഞ്ഞ മണിക്കൂറുകള്‍ കടന്നു പോയത്. ഒരു നാട് മുഴുവന്‍ ഈ കുഞ്ഞിന് വേണ്ടി അന്വേഷിച്ചിറങ്ങിയ കാഴ്ചയാണ് കഴിഞ്ഞ മണിക്കൂറിലുണ്ടായത്. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണ്.
ഇന്നലെ വൈകിട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നില്‍ വെച്ചാണ് അബിഗേല്‍ സാറ എന്ന കുട്ടിയെ വെള്ള കാറിലെത്തിയ അജ്ഞാതസംഘം കടത്തിക്കൊണ്ടുപോയത്.
സംസ്ഥാനത്തൊട്ടാകെയും കൊല്ലം ജില്ലയുടെ ഉള്‍പ്രദേശങ്ങളിലും നടത്തിയ വിശദമായ പരിശോധനയിലും കുട്ടിയെ കണ്ടെത്താനായില്ല. അതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതിനിടെ പ്രതികളിലൊരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു.
ഒരു രാത്രി മുഴുവന്‍ പൊലീസും ജനങ്ങളും അബിഗേലിന് വേണ്ടി നാടിന്‍റെ മുക്കും മൂലയും അരിച്ചുപെറുക്കിയിരുന്നു. സത്രീകളുള്‍പ്പെടെ ഉള്ളവരാണ് കുട്ടിയെ തെരയാന്‍ മുന്നിട്ടിറങ്ങിയത്. കുട്ടിയെ കിട്ടി എന്ന വാര്‍ത്തയോട് സന്തോഷം എന്ന് നിറഞ്ഞ കണ്ണുകളോടെ ആയിരുന്നു എല്ലാവരുടെയും പ്രതികരണം.