കല്‍പ്പറ്റ: താമരശേരി ചുരം റോപ് വേ പദ്ധതിയുടെ ലോവര്‍ ടെര്‍മിനലിനും അനുബന്ധ സംവിധാനങ്ങള്‍ക്കുമായി വയനാട് ചേംബര്‍ ഓഫ് കൊമേഴ്സിനു കീഴില്‍ രൂപീകരിച്ച വെസ്റ്റേണ്‍ ഗാട്ട്സ് ഡവലപ്മെന്‍റ് കന്പനി അടിവാരത്തു വാങ്ങാൻ ധാരണയായ 10 ഏക്കര്‍ ഭൂമി തരംമാറ്റാൻ അനുമതി നല്‍കുന്നതില്‍ മന്ത്രിസഭായോഗം തീരുമാനമെടുക്കും.
ഭൂമി തരംമാറ്റുന്നതിനുള്ള അനുമതിക്ക് സംസ്ഥാന വ്യവസായ വികസന കോര്‍പറേഷൻ മുഖേന സ്ഥലം ഉടമ സമര്‍പ്പിച്ച അപേക്ഷ നിലവില്‍ ചീഫ് സെക്രട്ടറിയുടെ പക്കലാണുള്ളത്. ഫയല്‍ വൈകാതെ മന്ത്രിസഭയുടെ പരിഗണനയ്ക്കു ചീഫ് സെക്രട്ടറി വിടുമെന്നാണ് അറിയുന്നത്. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ ഉറപ്പുലഭിച്ചതായി വയനാട് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് ജോണി പാറ്റാനി പറഞ്ഞു.

നവകേരള സദസിന്‍റെ ഭാഗമായി 23ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികളെ പങ്കെടുപ്പിച്ചു നടത്തിയ യോഗത്തില്‍ ജില്ലയുടെ വികസന വിഷയങ്ങള്‍ ചര്‍ച്ചയായിരുന്നു. പണ്ട് തോട്ടമായിരുന്ന ഭൂമി തരം മാറ്റുന്നതിനു അനുമതി ലഭിക്കാത്തതുമൂലം ചുരം റോപ് വേ പ്രവൃത്തി ആരംഭിക്കാൻ കഴിയാത്തത് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ നടപ്പാക്കേണ്ട പദ്ധതിയാണ് ഇതെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ നിലപാട് വെസ്റ്റേണ്‍ ഗാട്ട്സ് ഡവലപ്മെന്‍റ് കന്പനി ഡയറക്ടര്‍മാരില്‍ പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

3,670 മീറ്റര്‍ റോപ് വേയിലൂടെ ലക്കിടിയെ അടിവാരവുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമുള്ള റോപ് വേ ആയിരിക്കും ഇത്. താമരശേരി ചുരത്തില്‍ ഏകദേശം രണ്ട് ഹെക്ടര്‍ വനഭൂമിക്കു മുകളിലൂടെയാണ് റോപ് വേ കടന്നുപോകേണ്ടത്. റോപ് വേയുടെ അപ്പര്‍ ടെര്‍മിനല്‍ നിര്‍മാണത്തിനു ലക്കിടിയില്‍ കന്പനി വാങ്ങിയ രണ്ട് ഏക്കര്‍ ഭൂമിയില്‍ ഒന്നര ഏക്കര്‍ വനം വകുപ്പ് പരിസ്ഥിതി ദുര്‍ബല പ്രദേശത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതുമൂലം ഉണ്ടായ തടസം അടുത്തകാലത്താണ് ഒഴിവായത്. സുല്‍ത്താൻ ബത്തേരി താലൂക്കിലെ ചീരാലിനു സമീപം രണ്ട് ഏക്കര്‍ സ്വകാര്യ ഭൂമി വിലയ്ക്കുവാങ്ങി വനം വകുപ്പിനു കൈമാറിയാണ് ലക്കിടിയില്‍ അപ്പര്‍ ടെര്‍മിനല്‍ നിര്‍മിക്കുന്നതിലെ തടസം ടെര്‍മിനല്‍ നിര്‍മിക്കുന്നതിലെ തടസം നീക്കിയത്.

പദ്ധതിക്കായി അടിവാരത്തു ഉപയോഗപ്പെടുത്തേണ്ട ഭൂമി പതിറ്റാണ്ടുകള്‍ മുന്പ് റബര്‍ പ്ലാന്‍റേഷൻ ആയിരുന്നു. ഭൂമി തരംമാറ്റലിനു അപേക്ഷ നാലു വര്‍ഷം മുന്പാണ് റവന്യൂ അധികാരികള്‍ക്കു സ്ഥലം ഉടമ സമര്‍പ്പിച്ചത്. റവന്യൂ സെക്രട്ടറിയുടെ കാര്യാലയം പരിശോധനയ്ക്കുവിട്ട അപേക്ഷയില്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസറും തഹസില്‍ദാരും അനുകൂല നിലപാടാണ് സ്വീകരിച്ചത്.
തഹസില്‍ദാരുടെ കാര്യാലയത്തില്‍നിന്നു റിപ്പോര്‍ട്ട് സഹിതം കോഴിക്കോട് കളക്ടറേറ്റിലെത്തിയ അപേക്ഷയില്‍ വേഗത്തില്‍ നടപടി ഉണ്ടായില്ല. അടിവാരത്തെ ഭൂമി തരം മാറ്റുന്നതിനു ഉതകുന്ന ശിപാശ റവന്യൂ സെക്രട്ടറിക്കു അയയ്ക്കുന്നതില്‍ കോഴിക്കോട് കളക്ടര്‍ വിമുഖത കാട്ടി. പദ്ധതി സാധ്യമാക്കുന്നതിനു പര്യാപ്തമായ ശിപാര്‍ശ റവന്യൂ സെക്രട്ടറിക്കു അയയ്ക്കുന്നതിനു കല്‍പ്പറ്റ, തിരുവന്പാടി, കോഴിക്കോട് എംഎല്‍എമാര്‍ മുഖേന കന്പനി കളക്ടറില്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും പ്രത്യേക ഫലം ഉണ്ടായില്ല.

ഒന്നര വര്‍ഷം മുന്പ് കോഴിക്കോട് ജില്ലാ വികസന സമിതി യോഗ തീരുമാനത്തിനു വിധേയമായാണ് വികസന പദ്ധതിക്കായി ഭൂമി തരം മാറ്റാൻ അനുവദിക്കാമെന്ന നിലപാട് അന്നത്തെ കളക്ടര്‍ സ്വീകരിച്ചത്. ഇതിനു പിന്നാലെ അയച്ച ശിപാര്‍ശയില്‍ പബ്ലിക് ലിമിറ്റഡ് കന്പനിയുടെ റോപ് വേ പദ്ധതിക്കായി സ്വകാര്യ ഭൂമി തരംമാറ്റുന്നതിനു അനുമതി നല്‍കുന്നത് നിയമപരമായി ശരിയല്ലെന്ന നിലപാടിലാണ് റവന്യൂ വകുപ്പിലെ ഉന്നതര്‍ സ്വീകരിച്ചത്.

സര്‍ക്കാരിനും ഓഹരി പങ്കാളിത്തമുള്ള വിധത്തിലാണ് കന്പനിയെങ്കില്‍ തരംമാറ്റല്‍ അനുമതി പ്രയാസമുള്ള കാര്യമാകില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് സ്ഥലം ഉടമ കേരള വ്യവസായ വികസന കോര്‍പറേഷൻ മുഖേന സെക്രട്ടറിക്ക് അപേക്ഷ നല്‍കിയത്. കന്പനിയില്‍ സര്‍ക്കാരിനു ഓഹരി പങ്കാളിത്തം നല്‍കുന്നതില്‍ നിലവിലെ ഡയറക്ടര്‍ ബോര്‍ഡില്‍ ഏകാഭിപ്രായം ഇല്ലെന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *