NADAMMELPOYIL NEWS
NOVEMBER 22/2023
കോഴിക്കോട് : മൈലനും, പുല്ലനും, കരിമ്ബനും, അരക്കനുമെല്ലാം ചെളി ചീറ്റി തെറിപ്പിച്ച് കുതിച്ചു പാഞ്ഞപ്പോള്‍ പോയ് മറഞ്ഞ കാര്‍ഷിക സംസ്‌കാരത്തിന്‍റെ കാഴ്‌ച കാണാനെത്തിയവര്‍ക്ക് മറക്കാനാവാത്ത അനുഭവമായി. ചേളന്നൂരില്‍ ആദ്യമായാണ് കാളപൂട്ട് മത്സരം സംഘടിപ്പിക്കുന്നതെങ്കിലും ഈ കാര്‍ഷിക കായിക വിനോദത്തെ ഇന്നും നെഞ്ചേറ്റുന്ന ഒരു തലമുറ ഉണ്ടെന്ന് തെളിയിക്കുന്നതായിരുന്നു മത്സരം (Bull racing Chelannur Kozhikode). കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നായി 20 ജോഡി കാളകളാണ് കോഴിക്കോട് ചേളന്നൂര്‍ താമരമംഗലത്ത് താഴം കാളപൂട്ട് കണ്ടത്തില്‍ മത്സരിക്കാനെത്തിയത്.
ഓരോ ജോഡി കാളകള്‍ക്കും മൂന്ന് അവസരങ്ങള്‍, മരകോലു വച്ച് കാളകളുടെ കഴുത്തില്‍ നുകം കെട്ടുന്നതോടെ പൂട്ടിക്കാരൻ കാളകളെ തെളിക്കും. പിന്നെ ചേറിനെ ചീറ്റി തെറിപ്പിച്ച് കാളകള്‍ കുതിച്ചു പായും (cattle race Kozhikode). വഴിതെറ്റാതെ ഏറ്റവും വേഗത്തില്‍ എത്തുന്ന കാള ജോഡികള്‍ക്കാണ് കാളപൂട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുക.
എത്ര ജോഡികള്‍ കളത്തില്‍ ഇറങ്ങിയാലും ആദ്യ അഞ്ച് സ്ഥാനക്കാര്‍ക്ക് മാത്രമാണ് സമ്മാനം. തനത് കൃഷികളെയും കാര്‍ഷിക സംസ്‌കാരത്തെയും തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ചേളന്നൂര്‍ എട്ടെ നാലിലെ കാര്‍ഷിക കൂട്ടായ്‌മയാണ് കാളപൂട്ട് മത്സരം സംഘടിപ്പിച്ചത് .