NADAMMELPOYIL NEWS
NOVEMBER 22/2023
കോഴിക്കോട് : കോഴിക്കോട് എത്തുന്നവര്‍ക്ക് ഇനി സൈക്കിള്‍ ചവിട്ടി നഗര കാഴ്ചകള്‍ കാണാം.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കോര്‍പറേഷൻ പ്രഖ്യാപിച്ച ‘സിറ്റി സൈക്കിള്‍ ‘ പദ്ധതി ഫെബ്രുവരിയോടെ യാഥാര്‍ത്ഥ്യമാവും. ഇതിനായി 200 സൈക്കിളുകള്‍ സജ്ജമായി. ബേപ്പൂര്‍, പുതിയറ, മാറാട്, ചെലവൂര്‍, ആഴ്ചവട്ടം, സരോവരം ഉള്‍പ്പെടെ പത്ത് കേന്ദ്രങ്ങളിലാണ് സൈക്കിള്‍ ഷെഡുകള്‍ സ്ഥാപിക്കുക. ആദ്യഘട്ടത്തില്‍ മാനാഞ്ചിറ, ബീച്ച്, സരോവരം എന്നിവിടങ്ങളിലാണ് സൈക്കിള്‍ ഷെഡുകള്‍ ഉണ്ടാവുക. കോര്‍പ്പറേഷൻ കുടുംബശ്രീയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ചെലവൂര്‍, ഗോതീശ്വരം എന്നിവിടങ്ങളില്‍ ഷെഡിന്റെ നിര്‍മാണം തുടങ്ങി. ഈ മാസം തന്നെ മാറ്റിടങ്ങളിലും സൈക്കിള്‍ ഷെഡിന്റെ നിര്‍മാണം ആരംഭിക്കും.
രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് സൈക്കിള്‍ സവാരിയ്ക്ക് അനുവദിച്ച സമയം. ആദ്യ ഒരു മണിക്കൂറിന് 20 രൂപയും രണ്ട് മണിക്കൂറിന് 30 രൂപയും മൂന്ന് മണിക്കൂറിന് 40 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 15രൂപ അധിക നിരക്കും നല്‍കണം. എല്ലാവര്‍ക്കും നഗര സവാരിയ്ക്ക് സൈക്കിള്‍ ഉപയോഗിക്കാമെങ്കിലും പ്രധാനമായും സ്ത്രീകളെ ലക്ഷ്യമാക്കിയാണ് പദ്ധതി. 2.5 ലക്ഷം രൂപ ചെലവിലാണ് ഷെഡ് നിര്‍മ്മിക്കുന്നത്.
മൊബൈല്‍ ആപ്പ്, ജി.പി.എസ് എന്നിവ ഉപയോഗിച്ചാണ് ‘സിറ്റി സൈക്കിള്‍ ‘ പദ്ധതി സംസ്ഥാനത്തെ മറ്റ് നഗരങ്ങളില്‍ നടപ്പാക്കിയിരിക്കുന്നത്. നഗരത്തിലെ മലിനീകരണവും തിരക്കും കുറയ്ക്കാനും നഗരകാഴ്ചകള്‍ അടുത്തു കാണാനും നഗരത്തിലെയും നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാൻ സിറ്റി സൈക്കിള്‍ പദ്ധതി പ്രയോജനപ്പെടും.
” സ്പോണ്‍സര്‍ഷിപ്പ് വഴിയാണ് പദ്ധതി. ആദ്യഘട്ടം വിജയിക്കുകയാണെങ്കില്‍ രണ്ടാംഘട്ടത്തില്‍ 65 സൈക്കിള്‍ ഷെഡുകള്‍ പണിയാനാണ് തീരുമാനം”
പി. ദിവാകരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ, കോര്‍പ്പറേഷൻ.