NADAMMELPOYIL NEWS
NOVEMBER 19/2023
കോടഞ്ചേരി:ലൈഫ് ഭവന നിര്‍മാണത്തിനുള്ള സഹായം നിലച്ചതോടെ സ്വന്തം നിലയില്‍ വീട് പണി പൂര്‍ത്തിയാക്കാൻ ഇറങ്ങിയ പലരും ഇന്ന് കടബാധ്യതയുടെ നടുവിലാണ്.
ഇത്തരത്തില്‍ ജീവിതത്തില്‍ ആദ്യമായി കടക്കാരി ആകേണ്ടി വന്ന അനുഭവമാണ് കോഴിക്കോട് കോടഞ്ചേരി സ്വദേശിയും അതിദരിദ്ര വിഭാഗക്കാരിയുമായ നല്ലക്കിളിക്ക് പറയാനുള്ളത്.
ഒരായുസിന്റെ മോഹമാണ് നല്ലക്കിളിയമ്മയ്ക്ക് സ്വന്തമായി അടച്ചുറപ്പുള്ളൊരു വീട്. അഞ്ച് പെണ്‍മക്കളയും വിവാഹം കഴിപ്പിച്ച് അയച്ചു. 12 വര്‍ഷം മുമ്ബ് ഭര്‍ത്താവ് മരിക്കുക കൂടി ചെയ്തതോടെ ഒറ്റയ്ക്കായി നല്ലക്കിളിയമ്മയുടെ താമസം. അന്ന് മുതല്‍ വീടെന്ന ആവശ്യവുമായി അധികാരിക്കള്‍ക്ക് മുന്നില്‍ പല തവണയെത്തി നല്ലക്കിളിയമ്മ. സര്‍ക്കാരിന്റെ സാമൂഹിക ക്ഷേമ പെന്‍ഷനല്ലാതെ മറ്റ് വരുമാനമൊന്നുമില്ലാത്ത നല്ലക്കിളി അതിദരിദ്ര വിഭാഗത്തില്‍ ഉള്‍പ്പെട്ട ആളാണ്. ഇതോടെ ലൈഫ് ഉപഭോക്താക്കളുടെ പട്ടികയില്‍ ആദ്യം തന്നെ ഇടം കിട്ടി നല്ലക്കിളിയമ്മയ്ക്ക്. വിവിധ ഘഡുക്കളായി 2,40,000 രൂപ കിട്ടി. പിന്നീട് പണം മുടങ്ങിയതോടെ നല്ലക്കിളിയമ്മ വീണ്ടും ഉദ്യോഗസ്ഥര്‍ക്ക് മുന്നിലെത്തി.
പണം ഉടന്‍ വരുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ഈ വാക്ക് വിശ്വസിച്ചാണ് നല്ലക്കിളി ജീവിതത്തില്‍ ആദ്യമായി കടം വാങ്ങാന്‍ തീരുമാനിച്ചത്. ഇത് കുരുക്കായി. കടം വാങ്ങിയ പണം തിരിച്ച് നല്‍കാന്‍ ഒരു വഴിയുമില്ലാതെ കഷ്ടപ്പെടുകയാണ് ഇപ്പോള്‍ നല്ലക്കിളിയമ്മ. സമാന അനുഭവമാണ് കോടഞ്ചേരി സ്വദേശിയായ തദേവൂസിനും ഭാര്യ ലീലാമ്മയ്ക്കും പറയാനുള്ളത്.