NADAMMELPOYIL NEWS
NOVEMBER 19/2023
മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ മുക്കം മാങ്ങാപ്പൊയില്‍ പെട്രോള്‍ പമ്ബില്‍നിന്ന് കവര്‍ച്ച നടത്തിയത് അന്തര്‍ സംസ്ഥാന സംഘമെന്ന് സംശയം.
തമിഴ്‍നാട് സ്വദേശികളാണെന്നാണ് പൊലീസിന്റെ നിഗമനം. തമിഴ്നാട് രജിസ്‌ട്രേഷൻ നമ്ബറുള്ള മാരുതി ആള്‍ട്ടോ കാറിലാണ് മോഷ്ടാക്കള്‍ എത്തിയിരുന്നത്.
തമിഴ്‍നാട്ടിലെ മേട്ടുപാളയത്ത് പെട്രോള്‍ പമ്ബില്‍ ഇതേ രീതിയില്‍ കാറിലെത്തിയ സംഘം മോഷണം നടത്തിയിട്ടുണ്ട് എന്നതും അവിടുന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യത്തിലുള്ളവരും മുക്കത്തെ പമ്ബിലെ സി.സി.ടി.വിയിലെ ദൃശ്യത്തില്‍ ലഭിച്ച ആളുകളുമായി സാമ്യമുള്ളതാണെന്നതും പൊലീസിന്റെ സംശയം ബലപ്പെടുത്തുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചയാണ് മുക്കം നഗരസഭയിലെ നീലേശ്വരം ഹിന്ദുസ്ഥാൻ പെട്രോളിയം പമ്ബില്‍ മോഷണം നടന്നത്. ഇന്ധനം നിറക്കാനായാണ് നാലംഗ സംഘം വെള്ളക്കാറില്‍ പമ്ബിലെത്തിയത്. കാറില്‍ ഇന്ധനം നിറക്കുന്നതിനിടെ മൂന്നുപേര്‍ വാഹനത്തില്‍ നിന്നിറങ്ങി. ഇതില്‍ ഒരാള്‍ ശൗചാലയത്തിന് സമീപത്തേക്ക് പോയി. ഇന്ധനം നിറച്ച് കാര്‍ പുറത്തേക്ക് പോയതിന് ശേഷം ജീവനക്കാരൻ മേശയില്‍ തലവെച്ച് കിടന്നു.
ഇതിനിടെ പിന്നിലൂടെ എത്തിയ രണ്ടുപേര്‍ ജീവനക്കാരനായ സുരേഷിന്റെ കണ്ണിലേക്ക് മുളകുപൊടി വിതറുകയായിരുന്നു. മൂന്നാമൻ താൻ ധരിച്ചിരുന്ന മുണ്ട് കൊണ്ട് പമ്ബ് ജീവനക്കാരന്റെ മുഖം മറച്ച ശേഷം കീശയിലുണ്ടായിരുന്ന പണം അപഹരിക്കുകയായിരുന്നു. അതേസമയം, പ്രതികളെ പിടികൂടാനായി ഊര്‍ജിത അന്വേഷണം നടന്നുവരുകയാണെന്ന് മുക്കം പൊലീസ് അറിയിച്ചു.