NADAMMELPOYIL NEWS
NOVEMBER 16/2023
ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പിനിരയായ യുവതി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുറ്റ്യാടി പൊലീസാണ് ഐ ടി ആക്‌ട് പ്രകാരം കേസെടുത്തത്.
24 കാരിയായ വീട്ടമ്മ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തട്ടിപ്പിനിരയായ യുവതിയുടെ മൊഴി കുറ്റ്യാടി പൊലീസ് രേഖപ്പെടുത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയാണ് രേഖപ്പെടുത്തിയത്. ലോണിനായി വീണ്ടും ഇവരുടെ മൊബൈല്‍ ഫോണിലേക്ക് വാട്ട്‌സ്‌ആപ്പ് സന്ദേശം വരുന്നുണ്ട്. എന്നാല്‍ സന്ദേശങ്ങള്‍ വന്ന നമ്ബറില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ല. 4 ഓണ്‍ലൈന്‍ ലോണ്‍ ആപ്പില്‍ നിന്നായി പതിനായിരം രൂപ ഇവര്‍ കടമെടുത്തതായാണ് വിവരം. പല തവണകളായി ഒരു ലക്ഷം രൂപ തിരിച്ചടച്ചിട്ടും തിങ്കളാഴ്ച ലോണ്‍ ആപ്പുകാര്‍ വീണ്ടും യുവതിയോട് പണം അടക്കാന്‍ വാട്‌സ്‌ആപ്പ് സന്ദേശത്തിലൂടെ ആവശ്യപ്പെടുകയായിരുന്നു.
ഇതിന് തയാറാകാതെ വന്നതോടെ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഫോണിലേക്ക് അയച്ച് കൊടുത്തു. ഇതോടെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.