NADAMMELPOYIL NEWS
NOVEMBER 16/2023

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് വിട്ടയച്ചു.
അന്യേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്ബോള്‍ ഹാജരാകണമെന്ന ഉപാധിയോടെ നോട്ടീസ് നല്‍കിയാണ് കോഴിക്കോട് നടക്കാവ് പൊലീസ് സുരേഷ്‌ഗോപിയെ വിട്ടയച്ചത്. സുരേഷ്‌ഗോപിയുടെ ചോദ്യം ചെയ്യല്‍ മണിക്കൂറിലേറെ നീണ്ടുപോയി. 12 മണിയോടെ സ്റ്റേഷനില്‍ ഹാജരായ സുരേഷ് ഗോപിയെ ഉച്ചയ്ക്ക് 2.22നാണ് സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയത്

സുരേഷ്‌ഗോപിയെ ചോദ്യം ചെയ്ത് വിട്ടയച്ചു; നടക്കാവ് എസ്‌ഐയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത് 2 മണിക്കൂര്‍; കാറിന്റെ സണ്‍റൂഫ് തുറന്ന് ജനാവലിക്ക് സൂപ്പര്‍ താരത്തിന്റെ നന്ദി പറച്ചിലും

സ്‌റ്റേഷനു പുറത്തേക്കു കാറിലെത്തിയ സുരേഷ് ഗോപി സണ്‍റൂഫ് തുറന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. തനിക്കു വേണ്ടി കാത്തുനിന്ന നേതാക്കളോടും പ്രവര്‍ത്തകരോടും സുരേഷ് ഗോപി നന്ദി പറഞ്ഞു. പ്രകോപനങ്ങളൊന്നുമില്ലാതെ എല്ലാവരും പിരിഞ്ഞുപോകാണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

സ്‌റ്റേഷനിലെ ‘ആധുനിക ചോദ്യം ചെയ്യല്‍ മുറി’യിലായിരുന്നു (Police Interrogation Room) ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യുന്നതിനിടയില്‍ പ്രതിയില്‍ ഉണ്ടാകുന്ന നേരിയ ചലനങ്ങള്‍, മുഖഭാവങ്ങള്‍, ശബ്ദങ്ങള്‍ എന്നിവ പകര്‍ത്താനും സൂക്ഷിച്ചു വയ്ക്കാനുമുള്ള ഉപകരണങ്ങളും സൗകര്യങ്ങളും ഈ ശീതീകരിച്ച മുറിയിലുണ്ട്.

വന്‍ ജനാവലിയാണു പൊലീസ് സ്‌റ്റേഷനു പുറത്തു കാത്തുനിന്നത്. മൂന്ന് അഭിഭാഷകരും സുരേഷ് ഗോപിക്കായി സ്‌റ്റേഷനിലെത്തിയിട്ടുണ്ട്. ഇതിനിടെ, പൊലീസ് സ്റ്റേഷനു പുറത്ത് ബിജെപി നേതാക്കളും പൊലീസും തമ്മിലും സംഘര്‍ഷമുണ്ടായി. നാല് വാഹനങ്ങള്‍ സ്റ്റേഷനിലേക്ക് കടത്തിവിടണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, അനുവദിക്കില്ലെന്ന് അറിയിച്ച പൊലീസ്,സുരേഷ് ഗോപിയുടെ വാഹനം മാത്രം കടത്തിവിടാമെന്നു പറഞ്ഞു.

പ്രവര്‍ത്തകര്‍ ജാഥയായാണ് നടക്കാവ് പൊലീസ് സ്റ്റേഷനു മുന്നില്‍ എത്തിയത്. ഗെയ്റ്റിനു മുന്നില്‍ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ‘കേരളമാകെ എസ് ജിക്കൊപ്പം’ എന്ന മുദ്രാവാക്യവുമായാണ് വൻ ജനക്കൂട്ടം തടിച്ചു കൂടിയത്. ഇതിനിടെ, പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിവീശി. സംഘര്‍ഷത്തെ തുടര്‍ന്ന് കണ്ണൂര്‍ റോഡിലെ ഗതാഗതം തടസപ്പെട്ടു. ബസ്സുകള്‍ വഴി തിരിച്ചുവിട്ടു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, മറ്റു നേതാക്കളായ എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, വി.കെ.സജീവൻ അടക്കമുള്ള നേതാക്കളും പദയാത്രയായി സ്റ്റേഷനിലെത്തിയിരുന്നു. ആരാധകരും ബിജെപി പ്രവര്‍ത്തകരും നടക്കാവ് ഇംഗ്ലിഷ് പള്ളിക്കു സമീപം സുരേഷ് ഗോപിയെ സ്വീകരിക്കാനെത്തി. സ്ത്രീകള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ റോഡില്‍ തടിച്ചു കൂടി.

നവംബര്‍ 18നകം ഹാജരാകണമെന്ന് നിര്‍ദേശിച്ച്‌ പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സ്റ്റേഷനില്‍ ഹാജരായത്. ഒക്ടോബര്‍ 27നാണു സുരേഷ് ഗോപിക്കെതിരായ പരാതിക്ക് ആസ്പ‍ദമായ സംഭവം നടന്നത്. കോഴിക്കോട് തളിയില്‍ മാധ്യമങ്ങളോടു സംസാരിക്കവേ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈ വയ്ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക പൊലീസിലും വനിതാ കമ്മിഷനിലും പരാതി നല്‍കി.

വിഷയത്തില്‍ വിശദീകരണവുമായും മാപ്പു പറഞ്ഞും സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. മോശം പെരുമാറ്റത്തില്‍ ഐപിസി 354 എ (ലൈംഗികാതിക്രമം) വകുപ്പ് പ്രകാരമാണ് കേസ്. സിആര്‍പിസി 114 ഉം ചുമത്തിയിട്ടുണ്ടെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *