NADAMMELPOYIL NEWS
NOVEMBER 12/2023
കോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശങ്ങള്‍ സ്വന്തം ജീവിതം സംരക്ഷിക്കാനാണ് എന്ന് ബോധ്യമില്ലാത്ത ഒരു പറ്റം ന്യൂജൻ കുട്ടികളുണ്ട്.
മൂന്ന് പേരെയും വെച്ച് ലൈസൻസും ഹെല്‍മറ്റുമിലാതെ റോഡില്‍ ഇവര്‍ കാണിക്കുന്ന അഭ്യാസപ്രകടനങ്ങള്‍ നിരന്തരമായ തലവേദനയാണ് സൃഷ്ടിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, മുക്കം, ചാത്തമംഗലം തുടങ്ങിയ മലയോരമേഖലയിലെ മിക്ക സ്‌കൂളുകളിലും കലാലയങ്ങളിലും ലൈസന്‍സില്ലാതെ വാഹനങ്ങളുമായെത്തുന്ന വിദ്യാര്‍ഥികള്‍ ഏറെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എസ്.എസ്.എല്‍.സി.ക്കും പ്ലസ് ടുവിനും പഠിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത കൗമാരക്കാര്‍ സ്‌കൂള്‍ യൂണിഫോമിലും അല്ലാതെയും നിരത്തിലൂടെ വാഹനങ്ങളില്‍ ചീറിപ്പായുന്നത് മേഖലയില്‍ പതിവുകാഴ്ചയാണെന്നാണ് നാട്ടുകാരും മറ്റും ആരോപിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നുമുണ്ട്. ബൈക്കുകളും സ്‌കൂട്ടറുകളുമാണ് കുട്ടികള്‍ക്ക് യാത്ര ചെയ്യാൻ ഏറെ പ്രിയം. എന്നാല്‍ തങ്ങള്‍ യാത്ര ചെയ്യുന്നത് വെറും രണ്ട് ചക്രം മാത്രമുള്ള ഒരു വാഹനത്തിലാണ് എന്ന ധാരണ ഇവര്‍ക്കില്ല. മൂന്നും നാലുംപേരെ കയറ്റി ഹെല്‍മറ്റില്ലാതെ അതിവേഗത്തില്‍ കുതിക്കുന്ന ഇവര്‍ മറ്റു യാത്രികര്‍ക്കും ഭീഷണിയാണ്. കലാലയവിദ്യാര്‍ഥികള്‍ക്കിടയിലും ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നവര്‍ കുറവില്ല.