NADAMMELPOYIL NEWS
NOVEMBER 12/2023
കോഴിക്കോട് : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിച്ച് വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്ത കേസില്‍ ആദ്യ അറസ്റ്റ്.
തട്ടിപ്പിനായി വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ചു നല്‍കുന്ന ഗുജറാത്തിലെ മെഹസേനയിലെ ഷേക്ക് മുര്‍ത്തു സാമിയ ഹയത്ത് ഭായ് ആണ് അറസ്റ്റിലായത്. സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് മെഹ്‌സേനയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നിരവധി മൊബൈല്‍ നമ്ബറുകളും മൊബൈല്‍ ഫോണുകളും ഉപയോഗിക്കുന്ന പ്രതിയെ മെഹസേനയില്‍ ദിവസങ്ങളോളം താമസിച്ചു നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഗുജറാത്തിലും കര്‍ണാടകയിലും രജിസ്റ്റര്‍ ചെയ്ത സമാന സ്വഭാവമുള്ള കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടതായി വ്യക്തമായിട്ടുണ്ട്. സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടര്‍ വിനോദ് കുമാര്‍ എം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബീരജ് കുന്നുമ്മല്‍, സ്‌പെഷ്യല്‍ ആക്ഷൻ ഗ്രൂപ്പ് സബ് ഇൻസ്‌പെക്ടര്‍ ഒ. മോഹൻദാസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീജിത്ത് പടിയാത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
കേന്ദ്ര ഗവ. സ്ഥാപനത്തില്‍നിന്നും റിട്ടയര്‍ ചെയ്ത കോഴിക്കോട് സ്വദേശിയുടെ പണമാണ് തട്ടിയത്. ഇയാളുടെ സുഹൃത്തിന്റെ വോയ്സും, വീഡിയോ ഇമേജും ഫേക്ക് ആയി ക്രിയേറ്റ് ചെയ്ത് കഴിഞ്ഞ ജൂലായ് ഒമ്ബതിന് ആശുപത്രി ആവശ്യത്തിനാണെന്ന് ബോദ്ധ്യപ്പെടുത്തി 40,000 രൂപ തട്ടുകയായിരുന്നു.
ഗോവയിലും ഗുജറാത്തിലും കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടര്‍ ദിനേഷ് കോറോത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ജിയോ പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട് ഉടമയായ കൗശല്‍ ഷാ എന്ന ആളാണ് പ്രധാന പ്രതികളില്‍ ഒരാള്‍ എന്ന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ നേപ്പാളിലേക്ക് കടന്നതായാണ് വിവരം. ഇയാളെ കണ്ടെത്താനുള്ള വിശദമായ അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് തട്ടിപ്പ് നടത്തുന്നതിനാവശ്യമായ ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ചു നല്‍കുന്ന ഷേക്ക് മുര്‍ത്തു സാമിയ ഹയത്ത് ഭായി അറസ്റ്റിലായത്. കേസിലെ മറ്റു പ്രതികളെ കണ്ടെത്തുന്നതിന് സഹായകരമായ വിവരങ്ങള്‍ ഇയാളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.