NADAMMELPOYIL NEWS
NOVEMBER 04/2023

മലപ്പുറം:ആര്യാടൻ ഷൗക്കത്ത് നടത്തുന്ന മലപ്പുറത്തെ പാലസ്തീൻ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് പിന്മാറി കൂടുതല്‍ നേതാക്കള്‍ ; കെപിസിസി മുന്നറിയിപ്പ് തള്ളി പരിപാടിയുമായി മുന്നോട്ട് തന്നെയെന്ന് ആര്യാടൻ ഫൗണ്ടേഷൻ .
അച്ചടക്ക ലംഘനത്തിന് നടപടിയെടുക്കുമെന്ന കെപിസിസി മുന്നറിയിപ്പിന് പിന്നാലെ ആര്യാടൻ ഷൗക്കത്ത് നടത്തുന്ന മലപ്പുറത്തെ പാലസ്തീൻ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ പിന്മാറി.
എന്നാല്‍ പ്രധാന നേതാക്കള്‍ വന്നില്ലെങ്കിലും പരിപാടി നടക്കുമെന്ന നിലപാടാണ് ആര്യാടൻ ഫൗണ്ടേഷൻ സ്വീകരിച്ചിരിക്കുന്നത്. ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് പിന്മാറുന്നില്ലെന്ന് ആര്യാടൻ ഷൗക്കത്ത് ഇന്നലെ വ്യക്തമാക്കിയിരുന്നു.ഐക്യദാര്‍ഢ്യം വിഭാഗീയ പ്രവര്‍ത്തനമല്ലെന്നും താക്കീത് നല്‍കിക്കൊണ്ടുള്ള കെപിസിസി നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നും കത്ത് കിട്ടിയാല്‍ മറുപടി നല്‍കുമെന്നും ആര്യാടൻ ഫൗണ്ടേഷന്റെ പേരിലിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കിയത്.

പാലസ്തീൻ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തരുതെന്ന് ആര്യാടൻ ഷൗക്കത്തിന് കെസിപിപി നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ച്‌ സമ്മേളന നടപടികളുമായി മുന്നോട്ടു പോയാല്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കാൻ കെപിസിസി നേതൃത്വം നിര്‍ബന്ധിതരായേക്കും. ആര്യാടൻ ഷൗക്കത്ത് നടത്തുന്നത് പാര്‍ട്ടിയെ വെല്ലുവിളിച്ചു കൊണ്ടുള്ള പരിപാടിയാണെന്നും കോണ്‍ഗ്രസ് പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു. പാര്‍ട്ടി തിരിച്ചുവരവിന് ശ്രമിക്കുമ്ബോള്‍ ഇത്തരത്തിലുള്ള ഒരു വിഭാഗീയതയും അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പാര്‍ട്ടി.

ഫലസ്തീൻ ഐക്യദാര്‍ഢ്യ റാലിയെ വിഭാഗീയതക്കുള്ള മറയായി അവതരിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണം. അതിനാല്‍ സമാന്തര പരിപാടിയില്‍ നിന്ന് പിന്തിരിയണം. സംഘടന നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച്‌ വിഭാഗീയ പ്രവര്‍ത്തനം നടത്തിയാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെപിസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പ് തള്ളുകയാണ് ആര്യാടൻ ഷൗക്കത്ത്.

Leave a Reply

Your email address will not be published. Required fields are marked *