NADAMMELPOYIL NEWS
NOVEMBER 02/2023

യുനെസ്കോയുടെ സാഹിത്യ നഗരം ബഹുമതി ലഭിച്ച കോഴിക്കോടിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഈ അംഗീകാരം ലഭിച്ചതോടെ, സാഹിത്യത്തിനോടും കലയോടുമുള്ള കോഴിക്കോടിന്റെ താല്‍പര്യം ആഗോളതലത്തില്‍ ശ്രദ്ധനേടിയതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ട്വിറ്ററിലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്. ഊര്‍ജ്ജസ്വലമായ സാഹിത്യ പാരമ്ബര്യമുള്ള ഈ നഗരം ഏറെ പ്രാധാന്യമുള്ളതാണെന്നും മോദി അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ ആദ്യ സാഹിത്യനഗരം പദവിയാണ് കോഴിക്കോട് സ്വന്തമാക്കിയത്. ലോകത്തെ 55 നഗരങ്ങള്‍ക്കാണ് വിവിധ വിഭാഗങ്ങളില്‍ യുനെസ്കോ പദവി നല്‍കിയത്. ഇന്ത്യയില്‍ നിന്ന് സംഗീത നഗരമായി ഗ്വാളിയോറിനെയും തെരെഞ്ഞടുത്തു. കോര്‍പറേഷന്റെ ശ്രമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് യുനെസ്‌കോക്ക് അപേക്ഷ നല്‍കിയത്. കിലയുടെ സഹകരണത്തോടെയാണ് സാഹിത്യ നഗരപദവിക്കായുള്ള ശ്രമം നടത്തിയത്.

സാഹിത്യനഗര ശൃംഖലയിലുള്ള പ്രാഗില്‍നിന്നുള്ള ഗവേഷക വിദ്യാര്‍ഥി നഗരത്തിലെത്തി പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നു. കോഴിക്കോട് 545 ലൈബ്രറികളും 62 പബ്ലിക് ലൈബ്രറികളുമുള്ള കാര്യം അപേക്ഷയില്‍ എടുത്തു കാണിച്ചിരുന്നു. കോഴിക്കോട്ടെ എഴുത്തുകാര്‍, സാഹിത്യ-സാംസ്‌കാരിക രംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം കണക്കിലെടുത്താണ് സാഹിത്യ നഗരപദവി ലഭിച്ചത്. പദ്ധതിക്ക് കോര്‍പറേഷൻ ബജറ്റില്‍ ഒരു കോടി രൂപ നീക്കിവെച്ചിരുന്നു.

എഴുത്തുകാര്‍ക്ക് താമസിച്ച്‌ കൃതികള്‍ തര്‍ജമ ചെയ്യാനുള്ള സൗകര്യം, കുട്ടികളുടെ പാര്‍ലമെന്റ്, സാഹിത്യവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ കോര്‍ത്ത് ലിറ്റററി സര്‍ക്യൂട്ട്, സാഹിത്യ മ്യൂസിയം, തെരുവുകളില്‍ വായനക്കുള്ള ഇടം എന്നിവയെല്ലാം സാഹിത്യനഗരം പദ്ധതിയുടെ ഭാഗമായി നിലവില്‍ വരും. വെബ്സൈറ്റ് നിര്‍മാണം, 2024ല്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍, അന്തര്‍ദേശീയ തലത്തില്‍ സാഹിത്യകാരന്മാര്‍ക്ക് ഒത്തുചേരാനുള്ള സൗകര്യം തുടങ്ങിയവയെല്ലാം പദ്ധതിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *