NADAMMELPOYIL NEWS
NOVEMBER 02/2023
കോഴിക്കോട്: ഫലസ്തീൻ ഐക്യദാര്‍ഢ്യറാലിയില്‍ ലീഗിനെ ക്ഷണിക്കുമെന്ന് സിപിഎം പ്രഖ്യാപിച്ചതോടെ യുഡിഎഫില്‍ ആശയക്കുഴപ്പം.
ലീഗിനെ ക്ഷണിക്കുമെന്ന് കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനനാണ് അറിയിച്ചത്. നേരത്തെ തന്നെ ക്ഷണിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ ലീഗിന്റെ നിലപാട് തുറന്ന മനസോടെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം ജില്ല സെക്രട്ടറി പി. മോഹനൻ പറഞ്ഞു.
സമസ്ത നേതാവ് ഉമര്‍ ഫൈസി, സി. മുഹമ്മദ് ഫൈസി, ഫസല്‍ ഗഫൂര്‍ തുടങ്ങിയവര്‍ സിപിഎം റാലിയില്‍ പങ്കെടുക്കും. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് ശശി തരൂരിലൂടെ വ്യക്തമായതാണെന്നും പി. മോഹനൻ കുറ്റപ്പെടുത്തി. എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണ്. ലീഗിനെ റാലിയിലേക്ക് ഔദ്യോഗികമായി തന്നെ ക്ഷണിക്കും. കോണ്‍ഗ്രസിനെ ക്ഷണിച്ച് ഇസ്രയേല്‍ അനുകൂല നിലപാട് ആവര്‍ത്തിക്കേണ്ടതില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ഫലസ്തീൻ വിഷയത്തില്‍ ശശി തരൂരിന്റെ പ്രതികരണം കോണ്‍ഗ്രസ് നിലപാടാണ്.
അതുകൊണ്ടു തന്നെ കോണ്‍ഗ്രസിനെ ക്ഷണിക്കേണ്ടതില്ല. തരൂരിന്റെ നിലപാട് ഒറ്റപ്പെട്ടതല്ലെന്നും മോഹനൻ പറഞ്ഞു. മുന്നണിയില്‍ ലീഗിനു പ്രയാസമുണ്ടാകേണ്ടെന്നു കരുതിയാണ് ആദ്യ ക്ഷണിക്കാതിരുന്നത്. ഇപ്പോള്‍ അവര്‍ തന്നെ പോസിറ്റിവായി പ്രതികരിച്ചു. തരൂരിനെ പോലെ ഒരാളെ കോഴിക്കോട്ടെ റാലിക്ക് കൊണ്ടു വന്നത് ശരിയാണോയെന്നു ലീഗ് തന്നെ പറയട്ടെയെന്നും മോഹനൻ വ്യക്തമാക്കി. എന്നാല്‍, സിപിഎം പരിപാടിയില്‍ പങ്കെടുക്കേണ്ടന്നതാണ് യു.ഡി.എഫ് തീരുമാനമെന്ന് കെ. സുധാകരൻ പറഞ്ഞു.
അതേമയം, സിപിഎമ്മിന്റെ ഫലസ്തീൻ ഐക്യദാര്‍ഢ്യ റാലിയില്‍ ലീഗ് സഹകരിക്കുമെന്നും റാലിയിലേക്ക് ക്ഷണിച്ചാല്‍ ഉറപ്പായും പങ്കെടുക്കുമെന്ന് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. പറഞ്ഞു. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്., ഏക സിവില്‍ കോഡ് സെമിനാറില്‍ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക മത വിഭാഗത്തിനെതിരെ വിദ്വേഷ പ്രചരണം പാടില്ല. പ്രതി പിടിയിലായത് നന്നായി, ഇല്ലെങ്കില്‍ അവിടെ ഒരു ഇസ്ലാമോഫോബിയ സാഹചര്യം ഉണ്ടായേനെ.ജാതി സെൻസസില്‍ കോണ്‍ഗ്രസിന്റെ നിലപാടിനോടൊപ്പമാണ് ലീഗെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ മാസം 11 ന് കോഴിക്കോട് സരോവരം ട്രേഡ് സെന്ററിലാണ് സിപിഎം നേതൃത്വത്തില്‍ ഫലസ്തീൻ ഐക്യദാര്‍ഢ്യ റാലി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന റാലിയിലേക്ക് രാഷ്ട്രീയ, മത,സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരെയാണ് ക്ഷണിക്കുന്നത്. സമസ്ത ഉള്‍പ്പെടെയുള്ള ഭൂരിഭാഗം മുസ്ലിം സംഘടനകളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നുണ്ട്. ഈ പരിപാടിയിലേക്ക് കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി ലീഗിനെ ക്ഷണിക്കാനാണ് സിപിഎം നീക്കം.