NADAMMELPOYIL NEWS
SEPTEMBER 26/2023
മുക്കം: ഇരുവഴിഞ്ഞി പുഴയില്‍ രൂക്ഷമായ നീര്‍നായ ആക്രമണത്തില്‍ ജനങ്ങള്‍ വലയുന്പോഴും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാതെ വനം വകുപ്പ്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇരുവഴിഞ്ഞി പുഴയുടെ ഇരു കരകളിലുമുള്ള മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂര്‍, ചാത്തമംഗലം പഞ്ചായത്തുകളിലായി ഇരുനൂറിലധികം പേര്‍ക്കാണ് നീര്‍നായ ആക്രമണത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഇരുവഴിഞ്ഞി പുഴയില്‍ കുളിക്കാനിറങ്ങിയ വിനോദ് പുത്രശ്ശേരിക്ക് കടിയേറ്റതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
ഞായറാഴ്ച നാലുമണിയോടെ പടിഞ്ഞാറേ കാരശ്ശേരി വടിശ്ശേരിക്കടവില്‍ നിന്നാണ് ഇദ്ദേഹത്തിന്‍റെ ഇടത് കാലില്‍ നീര്‍നായ കടിച്ചത്. ഉടൻ മെഡിക്കല്‍ കോളജില്‍ ചികിത്സതേടി. കുളിക്കടവുകളില്‍ വച്ച് നീര്‍നായയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നാട്ടുകാരാകെ ആശങ്കയിലാണ്.
രണ്ടുതവണ പുഴത്തീരത്ത് കൂടുകള്‍ സ്ഥാപിച്ചതല്ലാതെ നീര്‍നായകളെ പിടികൂടാനുള്ള കാര്യമായ നടപടികളൊന്നും വനം വകുപ്പ് സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നീര്‍നായ ഭീതി മൂലം കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും പുഴയെ ആശ്രയിക്കുന്നവര്‍ ഭീതിയിലാണ്. നീര്‍നായകളുടെ ആവാസ മേഖലകള്‍ നിരീക്ഷിച്ച് പുഴയില്‍ നിന്നും അവയെ പൂര്‍ണ്ണമായി ഒഴിവാക്കാനുള്ള ശ്രമങ്ങളാണുണ്ടാകേണ്ടത്. ഇതിനായി വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
ഒറ്റയ്ക്ക് കാണപ്പെടുന്ന നീര്‍നായയാണ് പലപ്പോഴും ആക്രമിക്കുന്നതെന്ന് പുഴയോരവാസികള്‍ പറയുന്നു. വെള്ളത്തിനടിയിലൂടെ ഊളിയിട്ട് വരുന്നതിനാല്‍ ആളുകള്‍ക്ക് കാണാനും പറ്റുന്നില്ല. ചെറിയ കുട്ടികളെ കാലില്‍ കടിച്ച് വെള്ളത്തിലേക്ക് വലിച്ചിഴച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
ജനങ്ങളുടെ ജീവന് ഭീഷണിയായ നീര്‍നായ ശല്യം പരിഹരിക്കാൻ അധികൃതര്‍ തയ്യാറാവണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം നടത്തുമെന്നും നാട്ടുകാര്‍ പറഞ്ഞു.