ദില്ലി: കനേഡിയൻ പൗരൻമാര്‍ക്ക് വിസ നല്‍കുന്നത് നിറുത്തിവച്ച് ഇന്ത്യ. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കാനഡയിലെ ഇന്ത്യൻ വിസ സര്‍വ്വീസ് നിറുത്തുവയ്ക്കുന്നതായി വിദേശകാര്യവൃത്തങ്ങള്‍ അറിയിച്ചു.ഇന്ത്യയിലെ കേസുകളില്‍ പ്രതിയായ ഖലിസ്ഥാൻ തീവ്രവാദി സുഖ ദുനെകെ കൂടി കാനഡിലുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചു.
ഖലിസ്ഥാൻ ഭീകരൻ ഹര്‍ദീപ് സിംഗ് നിജ്ജറിനറെ കൊലപാതകത്തെ ചൊല്ലി ഇന്ത്യ കാനഡ ബന്ധം പൊട്ടിത്തെറിയിലെത്തി നില്‍ക്കേയാണ് ഇന്ത്യ നിലപാട് കടുപ്പിക്കുന്നത്. കാനഡയില്‍ ഇന്ത്യയിലേക്കുള്ള വിസ സേവനം കൈകാര്യം ചെയ്യൂന്ന ബിഎല്‍എസ് ആണ് സര്‍വ്വീസ് സസ്പെൻഡ് ചെയ്തു എന്ന് വെബ്സൈറ്റിലൂടെ അറിയിച്ചത്. വിദേശകാര്യമന്ത്രാലയം ഇത് പിന്നീട് സ്ഥീരീകരിച്ചു. ചില വിഷയങ്ങള്‍ കാരണം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിറുത്തിവയ്ക്കുന്നു എന്നാണ് അറിയിപ്പ്.
മലയാളികളടക്കം 20 ലക്ഷത്തോളം ഇന്ത്യൻ വംശജരാണ് നിലവില്‍ കാനഡയിലുള്ളത്. ഇന്ത്യയിലെ വിസ സര്‍വ്വീസുകള്‍ ഈ സാഹചര്യത്തില്‍ കാനഡയും സസ്പെൻഡ് ചെയ്യാനുള്ള സാധ്യതയുണ്ട്. കുടിയേറ്റത്തിനും പഠനത്തിനും അപേക്ഷ നല്കി കാത്തിരിക്കുന്നവരെ ഇത് ബാധിച്ചേക്കും. ഇന്ത്യൻ ഉദ്യോഗസ്ഥര്‍ക്ക് നിജ്ജാറുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന വാദം അന്താരാഷട്ര തലത്തില്‍ ചര്‍ച്ചയാക്കാൻ കാനഡ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ നടപടി. ജി 7 രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ കൂട്ടായ പ്രസ്താവന ഇറക്കണമെന്ന കാനനഡയുടെ ആവശ്യം അമേരിക്ക അംഗീകരിച്ചിട്ടില്ല. എന്നാല്‍ വിഷയം ഗൗരവമേറിയതാണെന്ന് ഇന്ത്യയിലെ അമേരിക്കൻ വക്താവ് പറഞ്ഞു.
വ്യാജ പാസ്പോര്‍ട്ടില്‍ കാനഡയിലേക്ക് കടന്ന സുഖ ദുൻകെ എന്ന സുഖ് ദൂല്‍ സിംഗാണ് കാനഡയിലെ വിന്നിപെഗില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. രണ്ടു വിഭാഗങ്ങള്‍ക്കിടയിലെ കുടിപകയിലാണ് എൻഐഎ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ദുൻകെ കൊല്ലപ്പെട്ടത്. ഇന്ത്യയില്‍ ജയിലിലുള്ള ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘം കൊലപാതകത്തിൻറെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഹിജ്ജാര്‍ കൊല്ലപ്പെട്ടതും സമാന ഏറ്റുമുട്ടലിലാണെന്നാണ് ഇന്ത്യയുടെ വാദം.
കാനഡയ്ക്കെതിരെയുള്ള നീക്കം ശക്തമാക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. ഭീകരവാദികളെ സംരക്ഷിക്കുന്ന വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കും. പ്രതിസന്ധി അനുനയത്തിലൂടെ പരിഹരിക്കാൻ നയതന്ത്ര അണിയറ നീക്കങ്ങളും സജീവമാണ്. G7 രാജ്യങ്ങള്‍ വിഷയത്തില്‍ ഇന്ത്യയെ പ്രകോപിപ്പിക്കാതെ ജാഗ്രതയോടെയുള്ള പ്രതികരണമാണ് നടത്തിയത്.
തര്‍ക്കം മുറുകുന്നതിനിടെ കാനഡയില്‍ കഴിയുന്നവരടക്കം ഖലിസ്ഥാൻ ഭീകരര്‍ക്കെതിരായ നടപടികള്‍ എൻഐഎ വേഗത്തിലാക്കി. വിവിധ കേസുകളില്‍ പ്രതികളായ കാനഡ ബന്ധമുള്ള ഖലിസ്ഥാൻ തീവ്രവാദികളുടെയും ഗുണ്ടാ നേതാക്കളുടെയും പട്ടിക പുറത്തുവിട്ടു. ഭീകരവാദ ബന്ധവും, ഗുണ്ടാ സംഘങ്ങളുമായും ബന്ധമുള്ള 43 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. ഇവരുടെ സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനും പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പഞ്ചാബ് കേന്ദ്രീകരിച്ച് വിവിധ കേസുകളില്‍ പ്രതികളായ അഞ്ച് ഖാലിസ്ഥാൻ ഭീകരരെ കണ്ടെത്താൻ സഹായിക്കുന്നവര്‍ക്ക് പാരിതോഷികവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പത്തു ലക്ഷം രൂപയാണ് ബബര്‍ കല്‍സ എന്ന സംഘടനയിലെ അംഗങ്ങളായ ഭീകരരെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് നല്‍കുക.
ജസ്റ്റിൻ ട്രൂഡോ അധികാരത്തില്‍ എത്തിയത് മുതല്‍ ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളല്‍ ദൃശ്യമായി തുടങ്ങിയിരുന്നു. ന്യൂനപക്ഷ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ട്രൂഡോ തീവ്ര സിഖ് നിലപാടുള്ള ജഗ്മീത് സിംഗിൻറെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയെ ആശ്രയിച്ചാണ് ഭരണത്തില്‍ തുടരുന്നത്. ജഗ്മീത് സിംഗിനെയും ഇന്ത്യ വിരുദ്ധ സംഘടനകളെയും അധികാരത്തിന് വേണ്ടി ട്രൂഡോ പിന്തുണയ്ക്കുന്നു എന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ജി20 ഉച്ചകോടിക്കെത്തിയ ജസ്റ്റിൻ ട്രൂഡോയോട് ഇക്കാര്യം നരേന്ദ്ര മോദി നേരിട്ട് സൂചിപ്പിച്ചിരുന്നു. കാനഡയുടെ നിലപാടിനെതിരെയുള്ള അമര്‍ഷം അടുത്തിടെ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ മന്ത്രി എസ് ജയശങ്കര്‍ തുറന്നുപറഞ്ഞിരുന്നു.
അടുത്ത പൊതു തെരഞ്ഞെടുപ്പ് 2025 ല്‍ നടക്കാനിരിക്കെ ജസ്റ്റിൻ ട്രൂഡോ നിലപാട് തിരുത്തുമെന്ന് ഇന്ത്യ കരുതുന്നില്ല. ഹര്‍ദീപ് സിംഗ് നിജ്ജറിൻറെ കൊലപാതകത്തില്‍ അമേരിക്കയും ഫ്രാൻസും ഉള്‍പ്പടെ ജി7 രാജ്യങ്ങളെ കൂടെ നിര്‍ത്താനുള്ള നീക്കവും ട്രൂഡോ തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഭീകരവാദത്തെ അനുകൂലിക്കുന്ന ട്രൂഡോയുടെ നിലപാട് പ്രധാന രാജ്യങ്ങളെ ഇന്ത്യ ബോധ്യപ്പെടുത്തും. 20 ലക്ഷത്തോളം ഇന്ത്യൻ വംശജര്‍ കാനഡയിലുണ്ട്.
മലയാളികള്‍ അടക്കം 75000 പേര്‍ എല്ലാ വര്‍ഷവും കാനഡയിലേക്ക് കുടിയേറുന്നുണ്ട്. കാനഡയില്‍ പഠനത്തിനായി എത്തുന്ന ഇന്ത്യൻ വിദ്യാര്‍ത്ഥികളുടെ എണ്ണം രണ്ട് ലക്ഷത്തിനടുത്താണ്. രണ്ടു രാജ്യങ്ങള്‍ക്കുമിടയിലെ ഈ തര്‍ക്കം കാനഡയിലേക്ക് പോകുന്നവരെയും ബാധിച്ചേക്കാം. ട്രൂഡോയുടെ നിലപാട് നിരീക്ഷിച്ച ശേഷമാകും കടുത്ത നടപടികളിലേക്ക് ഇന്ത്യ കടക്കുക.