NADAMMELPOYIL NEWS
SEPTEMBER 20/2023

തൊടുപുഴ: യുവാവിനെ വെട്ടിക്കൊല്ലാൻ ക്വട്ടേഷൻ നല്‍കിയ സംഭവത്തില്‍ ഭാര്യയും മകനും അറസ്റ്റില്‍. കഴിഞ്ഞ ശനിയാഴ്ച്ച പുലര്‍ച്ചെ 1.30 ഓടു കൂടിയായിരുന്നു വണ്ടിപ്പെരിയാര്‍ വള്ളക്കടവ് സ്വദേശി കരിക്കിണ്ണം വീട്ടില്‍ അബ്ബാസിനെ ഉറങ്ങിക്കിടന്ന സമയം വീട്ടില്‍ കയറി ഒരു സംഘം ആളുകള്‍ ആക്രമിച്ചത്.
ആക്രമണത്തില്‍ അബ്ബാസിന്റെ തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ക്വട്ടേഷൻ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് പരിക്കേറ്റ അബ്ബാസ് പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ പൊലീസ് അന്വേഷണമാരംഭിച്ചു. അന്വേഷണത്തില്‍ അബ്ബാസിന്റെ ഭാര്യ ആഷിറ ബീവി(39), മകൻ മുഹമ്മദ് ഹസൻ (19) എന്നിവര്‍ സംഭവ ദിവസം വണ്ടിപ്പെരിയാറില്‍ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അബ്ബാസിന്റെ ഭാര്യയെയും മകനെയും പൊലീസ് പിടികൂടിയത്. സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ.

കഴിഞ്ഞ കുറേ നാളുകളായി ഭാര്യ ആഷിറയെ അബ്ബാസ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. ഇതിന് പ്രതികാരമെന്നവണ്ണം ആഷിറയുടെ അയല്‍വാസിയായ ഷമീര്‍ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘത്തെ അബ്ബാസിനെ മര്‍ദ്ദിക്കുന്നതിനായി ചുമതലപ്പെടുത്തി. ക്വട്ടേഷൻ സംഘം സ്ഥലത്ത് എത്തുന്ന സമയം അബ്ബാസ് താമസിക്കുന്ന വീട് കാണിക്കുന്നതിനായി ആഷിറയും മകനും വണ്ടിപ്പെരിയാര്‍ ടൗണില്‍ തന്നെ ഉണ്ടായിരുന്നു. പിന്നീട് ക്വട്ടേഷൻ സംഘം എത്തിയ വാഹനത്തില്‍ ഇവര്‍ക്കൊപ്പം ആഷിറയും മകനും വള്ളക്കടവില്‍ എത്തി വീട് കാണിക്കുകയും ചെയ്തു. ആക്രമണത്തിനു ശേഷം ആഷിറയും മകനും തിരികെ എറണാകുളത്തെ ആഷിറയുടെ പിതാവിന്റെ ഭവനത്തിലേക്ക് പോവുകയായിരുന്നു. പിന്നീട് അബ്ബാസിനു നേരെ ആക്രമണമുണ്ടായി എന്ന് നാട്ടുകാര്‍ ഇവരെ വിവരമറിയിച്ചു.

പരിക്കേറ്റ അബ്ബാസിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും അബ്ബാസിന്റെ നാടായ നെടുംങ്കണ്ടത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ സമയം അബ്ബാസിനെ ചികിത്സിക്കുന്നതിന് സഹായവുമായി ഭാര്യയും മകനും എത്തി. ഇതോടെ പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ആഷിറയുടെ സഹോദരനടക്കം 7 പേര്‍ ആക്രമണത്തിന് പിന്നില്‍ ഉള്ളതായാണ് പൊലീസ് പറയുന്നത്.

മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായും എത്രയും വേഗം പ്രതികളെ പിടികൂടുമെന്നും പോലീസ് അറിയിച്ചു. പീരുമേട് ഡിവൈ.എസ്പി ജെ കുര്യാക്കോസിന്റെ നിര്‍ദേശപ്രകാരം വണ്ടിപ്പെരിയാര്‍ എസ്‌എച്ച്‌ഒ ഹേമന്ദ് കുമാര്‍, എസ്‌ഐമാരായ അജീഷ്, ടിവി രാജ്മോഹൻ, എസ്‌എസ്‌ഐമാരായ എസ് സുബൈര്‍, കെജി രാജേന്ദ്രൻ, വനിതാ സിപിഒ ലിജിത വി. തോമസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *