ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആപ്പിൾ പുതിയ ഐഫോൺ 15 സീരീസ് സ്മാർട്ഫോണുകൾ അവതരിപ്പിച്ചു. നാല് മോഡലുകളാണ് അവതരിപ്പിച്ചത്. ഇന്ത്യക്കാരെ സംബന്ധിച്ച് ഒരു ഐഫോൺ വാങ്ങുക എന്നത് വലിയ ആഗ്രഹങ്ങളിൽ ഒന്നായിരിക്കും. പുതിയ ഐഫോണിനായി കാത്തിരുന്നവർ അതിലുണ്ടാവും. ഇന്ത്യയിൽ ഐഫോൺ 15 – 79,900, ഐഫോൺ 15 പ്ലസ് – 89,900, ഐഫോൺ 15 പ്രോ – 1,34,900, ഐഫോൺ 15 പ്രോ മാക്സ് – 1,59,900 എന്നിങ്ങനെയാണ് വില ആരംഭിക്കുന്നത്. എന്നാൽm ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ മറ്റ് രാജ്യങ്ങളിൽ കുറഞ്ഞ നിരക്കിൽ ഈ ഫോണുകൾ ലഭ്യമാവും. ഏത് രാജ്യത്താണ് ഏറ്റവും കുറഞ്ഞ വിലയിൽ ഐഫോൺ 15 പരമ്പരയിലെ ഫോണുകൾ വാങ്ങാൻ സാധിക്കുക? താഴെ നൽകിയിരിക്കുന്ന പട്ടികകളിൽ ഐഫോൺ 15 പരമ്പരയുടെ ഇന്ത്യയിലെ വിലയും മറ്റ് രാജ്യങ്ങളിലെ വിലയും അതിന്റെ ഇന്ത്യൻ മൂല്യവുമാണ്.
ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഐഫോൺ 15-ന് ഏറ്റവും കുറഞ്ഞ വിലയുള്ളത് യു.എസിലാണ്. 799 ഡോളർ- 66,257.47 രൂപ. ഏകദേശം 13,000 രൂപയുടെ വ്യത്യാസം യു.എസിലേയും ഇന്ത്യയിലേയും ഐഫോൺ 15 വിലയിലുണ്ട്. കാനഡയാണ് മറ്റൊരു രാജ്യം. 1129 ഡോളർ അഥവാ 69,027.17 രൂപയാണ് ഇവിടുത്തെ വില. യു.എസിൽ വിൽക്കുന്ന ഐഫോണിൽ ഇ-സിം സൗകര്യം മാത്രമാണ് ഉണ്ടാവുക. ഇന്ത്യൻ ടെലികോം കമ്പനികൾ ഇ-സിം സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്.മാത്രവുമല്ല ഇന്ത്യക്ക് പുറത്ത് നിന്ന് വാങ്ങിയ ഐഫോണുകൾക്ക് ഇന്റർനാഷണൽ വാറന്റി ലഭിക്കുന്നതിനാൽ റിപ്പയറിങിനും തടസങ്ങളുണ്ടാവില്ല.
ഐഫോൺ 15 പ്രോയ്ക്ക് 999 ഡോളർ (82,842.57 രൂപ) ആണ് വില. ഇന്ത്യയിൽ ഇതിന് 1,34,900 രൂപയാണ് വില. ഏകദേശം 52,000 രൂപയുടെ വ്യത്യാസമുണ്ട്. 15 പ്രോ മാക്സിന് യു.എസിൽ 1199 ഡോളർ (99,427.67 രൂപ) വിലയുള്ളപ്പോൾ ഇന്ത്യയിലതിന് 1,59,900 രൂപ നൽകണം.
മലയാളികളടക്കം നിരവധി ഇന്ത്യക്കാർ ഇതിനകം യു.എസിലേക്കും കാനഡയിലേക്കും കുടിയേറിയിട്ടുണ്ട്. ഇവരുടെ സഹായത്താൽ സാധ്യമെങ്കിൽ ഈ കുറഞ്ഞ വിലയിൽ ഇന്ത്യയിലുള്ളവർക്ക് ഐഫോൺ 15 സ്വന്തമാക്കാം. മലയാളികൾ ഏറെയുള്ള യു.ഇ.എയിൽ ആവട്ടെ 3399 ദിർഹം – 76,733.60 രൂപ ആണ് ഐഫോൺ 15-ന് വില ആരംഭിക്കുന്നത്. ഇന്ത്യയിൽ ഇതിന് 79,900 രൂപയാണ് വില. ഇതിന് പുറമെ ഹോങ്കോങ്, വിയറ്റ്നാം പോലുള്ള രാജ്യങ്ങളിൽ ഐഫോൺ 15 പ്രോയ്ക്ക് ഒരുലക്ഷത്തിൽ താഴെയാണ് വില.