NADAMMELPOYIL NEWS
SEPTEMBER 05/2023

കോഴിക്കോട്: കാപ്പ ചുമത്തി നാടുകടത്തിയ പ്രതി ലഹരി മാഫിയാ സംഘത്തിലേക്ക് തിരികെ എത്തണമെന്നാവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തുന്നതായി പരാതി.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കോഴിക്കോട് കല്ലായി സ്വദേശി വിംബ്ലി സലീമിനെതിരെ യുവതി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. യുവതിയുടെ സുഹൃത്തിനെ ഭീഷണിപ്പെടുത്തി നഗ്നനാക്കി ദൃശ്യങ്ങള്‍ അയച്ചു കൊടുത്ത സലീം ബന്ധുക്കളെയും ഇങ്ങനെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിംബ്ലി സലീം കോഴിക്കോട് ഒളവണ്ണ സ്വദേശിയായ യുവതിയെ ഭീഷണിപ്പെടുത്തി നിരവധി സന്ദേശങ്ങളാണ് അയച്ചത്. ആവശ്യം ഒന്നേയുള്ളൂ,സലീമിന്‍റെ ലഹരി സംഘത്തിലേക്ക് തിരിച്ചെത്തണം. ഇല്ലെങ്കില്‍ കൊല്ലുമെന്നാണ് ഭീഷണി. യുവതിയുടെ സുഹൃത്തിനെ നഗ്നനാക്കി ആ ദൃശ്യങ്ങളും അയച്ചു കൊടുത്തു. ജ്യേഷ്ഠത്തിയുടെ മകനെ ഇതേ പോലെ തന്നെ ചെയ്യുമെന്നാണ് ഭീഷണി. കാപ്പ ചുമത്തി നാടുകടത്തപ്പെട്ട സലീം മാസങ്ങള്‍ക്ക് മുമ്ബ് ഒളവണ്ണയുള്ള വീട്ടിലെത്തി അക്രമം നടത്തിയെങ്കിലും നിസാര വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തതെന്ന് യുവതി പറയുന്നു. പിന്നാലെ പല വട്ടം ഇയാളുടെ ഭീഷണി സന്ദേശമെത്തി.
സലീമുമായി മുമ്ബ് സൗഹൃത്തിലായിരുന്ന യുവതി ലഹരി കേസില്‍ പെട്ടതോടെയാണ് ഇയാളുമായി അകന്നത്. 2018ല്‍ ബിസിനസ് നടത്താനായി കോയമ്ബത്തൂരില്‍ നിന്നും വസ്ത്രം വാങ്ങി ഇരുവരും ട്രെയിനില്‍ മടങ്ങുമ്ബോള്‍ കോഴിക്കോട് വെച്ച്‌ യുവതി എക്‍സൈസിന്റെ പിടിയിലായി. വസ്ത്രമടങ്ങിയ ബാഗില്‍ നിന്നും എക്സൈസ് കഞ്ചാവ് കണ്ടെടുത്തതോടെ യുവതി ജയിലിലായി. സലീം സ്ഥലത്ത് നിന്നും മുങ്ങുകയും ചെയ്തു.

തന്നെ ഉപയോഗിച്ച്‌ സലീം ലഹരി മരുന്ന് കടത്തുകയായിരുന്നുവെന്ന് പീന്നീടാണ് മനസിലായതെന്ന് യുവതി പറയുന്നു. പിന്നീട് ജയില്‍ മോചിതയായ ശേഷമാണ് സലീമിനും കൂട്ടാളികള്‍ക്കുമൊപ്പം ചേരണമെന്നാവശ്യപ്പെട്ട് ഭീഷണി മുഴക്കാന്‍ തുടങ്ങിയത്.സലീമിനെ ഭയന്ന് വീട്ടില്‍ പോകാതെ ഹോം നേഴ്സായി മറ്റൊരിടത്ത് ജോലി നോക്കുകയാണ് യുവതി.

Leave a Reply

Your email address will not be published. Required fields are marked *