പാലക്കാട്: ബിസ്ക്കറ്റ് പാക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്തിയ നാല് കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ആലപ്പുഴ – ധൻബാദ് എക്സ്പ്രസില്‍ നിന്നാണ് ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.ഓണക്കാലത്തെ ലഹരി ഒഴുക്ക് തടയാനുള്ള പരിശോധനയില്‍ ആണ് എക്സൈസ് സംഘം കഞ്ചാവ് കണ്ടെടുത്തത്. കേരളത്തിലാദ്യമായാണ് ബിസ്‌ക്കറ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച കഞ്ചവ് പിടികൂടുന്നതെന്ന് വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
മാരിലൈറ്റിന്റെ ബിസ്ക്കറ്റിന്‍റെ പായ്ക്കറ്റില്‍ അതേ രൂപത്തില്‍ തന്നെയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ആറ് ബിസ്ക്കറ്റ് പായ്ക്കറ്റുകളിലായി 22 കവറുകളില്‍ തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നതെന്നും എക്സൈസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് എക്സൈസ് വ്യക്തമാക്കി.
അതേസമയം, ആലപ്പുഴ ചെന്നിത്തലയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്ബില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി നാല് പേര്‍ അറസ്റ്റിലായി. കഞ്ചാവ് ചെടിയും പൊലിസ് പിടിച്ചെടുത്തു. ബീഹാര്‍ സ്വദേശികളായ രാമുകുമാര്‍ (30), സന്ദീപ് കുമാര്‍ (18), തുന്നകുമാര്‍ (34) മുന്നകുമാര്‍ (25) എന്നിവരാണ് അറസ്റ്റിലായത്. ചെന്നിത്തല പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ചേങ്കര ജംഗ്ഷനില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്ബില്‍ നിന്നാണ് ഒന്നേകാല്‍ കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ പരിസരത്ത് നട്ട് പരിപാലിച്ചു വളര്‍ത്തിയ നിലയില്‍ അഞ്ചര അടി പൊക്കമുള്ള കഞ്ചാവ് ചെടിയും കണ്ടെടുത്തു. മാന്നാര്‍ പൊലീസ് ഇൻസ്പെക്ടര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ജില്ലാ പൊലീസ് സ്ക്വാഡ് അംഗങ്ങളും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവും, കഞ്ചാവ് ചെടിയും പിടിച്ചെടുത്തത്. ഒരു കിലോയില്‍ അധികം കഞ്ചാവ് പ്രതികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും പരിശോധനയില്‍ കണ്ടെടുത്തു. വില്‍പനക്കായി 90 ചെറിയ കവറുകളില്‍ പാക്ക് ചെയ്ത നിലയിലും കൂടാതെ മുഴുവനായി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞും സഞ്ചിയിലാക്കിയുമാണ് കഞ്ചാവ് ഒളിപ്പിച്ചു വെച്ചിരുന്നത്.