ന്യൂഡല്‍ഹി: കാല്‍നടയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് കാറില്‍ ‘സേഫ്റ്റി വെഹിക്കിള്‍ അലാറം’ ഫീച്ചറുമായി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. എസ് യുവിയായ ഗ്രാന്‍ഡ് വിറ്റാരയുടെ ഇലക്ട്രിക് ഹൈബ്രിഡ് വേരിയന്റിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതെന്ന് മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു. പുതിയ ഫീച്ചര്‍ ഗ്രാന്‍ഡ് വിറ്റാരയില്‍ ക്രമീകരിക്കുന്നതോടെ, കാറിന്റെ വിലയില്‍ 4000 രൂപ വരെ ഉയരുമെന്നും കമ്പനി അറിയിച്ചു.
കാല്‍നടയാത്രക്കാരെയും മറ്റു ഡ്രൈവര്‍മാരെയും ഒരേ പോലെ ജാഗ്രതപ്പെടുത്തുന്ന തരത്തിലാണ് സാങ്കേതികവിദ്യ. വാഹനം വരുന്നുണ്ട് എന്ന് മുന്‍കൂട്ടി അപകട മുന്നറിയിപ്പ് നല്‍കുന്ന വിധമാണ് സംവിധാനം. ശബ്ദം പുറപ്പെടുവിച്ചാണ് കാല്‍നടയാത്രക്കാര്‍ക്കും മറ്റു ഡ്രൈവര്‍മാര്‍ക്കും മുന്നറിയിപ്പ് നല്‍കുന്നത്.
അഞ്ചടി അകലെ വരെ ശബ്ദം കേള്‍ക്കാവുന്ന തരത്തിലാണ് സാങ്കേതികവിദ്യ. ഗ്രാന്‍ഡ് വിറ്റാരയുടെ ഇലക്ട്രിക് ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് ആയി അക്കോസ്റ്റിക് വെഹിക്കിള്‍ അലേര്‍ട്ടിങ് സിസ്റ്റമാണ് കമ്പനി പ്രഖ്യാപിച്ചത്