ഇന്ത്യന്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച മാരുതി കാറുകളില്‍ ഒന്നാണ് സ്വിഫ്റ്റ്. ആദ്യമായി കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ പരിഗണിക്കുന്ന ആദ്യ ചോയ്‌സുകളില്‍ ഒന്ന്. മാതൃരാജ്യമായ ജപ്പാനില്‍ സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ അടുത്ത തലമുറ പതിപ്പ് പുറത്തിറക്കാന്‍ പോകുകയാണ്. കാര്‍ വിദേശ രാജ്യങ്ങളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഇതിനകം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
2023 അവസാനത്തോടെ ഹാച്ച്ബാക്ക് മറനീക്കി പുറത്ത് വരുമെന്നാണ് വിവിധ പ്രാദേശിക മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടൊപ്പം തന്നെ സ്വിഫ്റ്റിന്റെ സ്‌പോര്‍ട്ടിയര്‍ പതിപ്പായ സ്വിഫ്റ്റ് സ്‌പോര്‍ട് 2024-ല്‍ പുത്തന്‍ അവതാരത്തില്‍ പിറവിയെടുക്കും. ജപ്പാനിലും യൂറോപ്യന്‍ മാര്‍ക്കറ്റുകളിലുമായിരിക്കും സ്വിഫ്റ്റ് സ്‌പോര്‍ട് വില്‍പ്പനക്കെത്തുക. അടുത്ത തലമുറ സ്വിഫ്റ്റ് 2024 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നിരുന്നാലും, മാരുതി സുസുക്കിക്ക് നിലവില്‍ സ്വിഫ്റ്റ് സ്പോര്‍ട് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയില്ല. ഇനി നമുക്ക് പുതു തലമുറ സ്വിഫ്റ്റില്‍ പ്രതീക്ഷിക്കാവുന്ന ചില സുപ്രധാന മാറ്റങ്ങള്‍ നോക്കാം. പവര്‍ട്രെയിന്‍ സജ്ജീകരണങ്ങളിലായിരിക്കും വമ്പന്‍ മാറ്റം. ടൊയോട്ടയുടെ സ്‌ട്രോംഗ് ഹൈബ്രിഡ് സാങ്കേതിക വിദ്യയോടെയാകും പുതിയ സ്വിഫ്റ്റ് എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അറ്റ്കിന്‍സന്‍ സൈക്കിളോട് കൂടിയ 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ പുതിയ സ്വിഫ്റ്റിന്റെ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഉള്‍പ്പെട്ടേക്കും.
സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ സജ്ജീകരണം ഉയര്‍ന്ന ട്രിം ലെവലുകളിലായിരിക്കും ലഭിച്ചേക്കുക. രാജ്യത്തെ ഏറ്റവും മൈലേജ് ലഭിക്കുന്ന കാറായി തരംഗം സൃഷ്ടിക്കാനായിരിക്കും സ്വിഫ്റ്റിന്റെ ശ്രമങ്ങള്‍. ഹാച്ച്ബാക്ക് ലിറ്ററിന് 35 മുതല്‍ 40 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കിയേക്കുമെന്നാണ് സൂചന. CAFE II (കോര്‍പറേറ്റ് ആവറേജ് ഫ്യുവല്‍ എക്കോണമി) അനുസൃതമായിരിക്കും അടുത്ത തലമുറ സ്വിഫ്റ്റിന്റെ സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍.
നിലവില്‍ ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിന്‍ ആയിരിക്കും സ്വിഫ്റ്റിന്റെ താഴ്ന്ന വേരിയന്റുകള്‍ക്ക് തുടര്‍ന്നും കരുത്ത് പകരുക. സിഎന്‍ജി ഓപ്ഷനിലും മാരുതി സുസുക്കി പുതിയ സ്വിഫ്റ്റ് വാഗ്ദാനം ചെയ്‌തേക്കാം. 5-സ്പീഡ് മാനുവല്‍, AMT ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളായിരിക്കും ഹാച്ച്ബാക്ക് ഓഫര്‍ ചെയ്യുക. പുതിയ 2024 മാരുതി സ്വിഫ്റ്റ് സ്പോര്‍ട്ടില്‍ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.4 ലിറ്റര്‍ K14D ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്വിഫ്റ്റിന്റെ എക്സ്റ്റീരിയറിലും സമഗ്രമായ മാറ്റങ്ങള്‍ പ്രകടമാകും. നിലവിലെ തലമുറ പതിപ്പിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ കൂടുതല്‍ ആങ്കുലാര്‍ സ്റ്റാന്‍സ് ആയിരിക്കും ന്യൂജെന്‍ സ്വിഫ്റ്റിന് ഉണ്ടായിരിക്കുക. പുതിയ ഗ്രില്‍, പുതിയ എല്‍ഇഡി ഘടകങ്ങളുള്ള സ്ലീക്കര്‍ ഹെഡ്ലാമ്പുകള്‍, ഫോക്സ് എയര്‍ വെന്റുകള്‍, ട്വീക്ക് ചെയ്ത ബമ്പര്‍ എന്നിവ ഉപയോഗിച്ച് കാറിന്റെ ഫ്രണ്ട് വശം ഉടച്ചുവാര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ ബോഡി പാനലുകള്‍, ബ്ലാക്കൗട്ട് പില്ലറുകള്‍, റൂഫില്‍ ഘടിപ്പിച്ച സ്പോയിലര്‍ എന്നിവയും സ്വിഫ്റ്റില്‍ കണ്ടേക്കാം. ഇന്റീരിയറില്‍ വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, സുസുക്കി വോയ്സ് കണ്‍ട്രോള്‍, ഓവര്‍-ദി-എയര്‍ അപ്ഡേറ്റുകള്‍ (OTA) എന്നിവയുള്ള ഒരു പുതിയ സ്മാര്‍ട്‌പ്ലേ പ്രോ+ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം സജ്ജീകരിച്ചേക്കാം.
2018 തുടക്കത്തിലാണ് മൂന്നാം തലമുറ സ്വിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. വില്‍പ്പനക്കെത്തും മുമ്പ് മോഡല്‍ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. തന്റെ മുന്‍ഗാമികളെ പോലെ മൂന്നാം തലമുറ സ്വിഫ്റ്റിനെയും ഇന്ത്യക്കാര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. വമ്പന്‍ മൈലേജ് കണക്കുകളുമായി എത്തുന്ന പുതു തലമുറ സ്വിഫ്റ്റും വിപണിയില്‍ വന്‍ ഓളം തീര്‍ക്കും. 2024 വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ സ്വിഫ്റ്റിന്റെ കൂടെപ്പിറപ്പായ ഡിസയറും അരങ്ങേറും.