NADAMMELPOYIL NEWS
JUNE 29/2023
കോഴിക്കോട്: മാട്രിമണി സൈറ്റിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റില്‍.
കണ്ണൂര്‍ സ്വദേശി മുഹമ്മദ് നംഷീര്‍ (32)നെയാണു കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. മാട്രിമണി സൈറ്റില്‍നിന്നു യുവതികളുടെ വിവരങ്ങള്‍ ശേഖരിച്ച് വാട്ട്സാപ്പ് വഴി പരിചയപ്പെട്ടാണ് ഇയാള്‍ പണം തട്ടിയെടുക്കുന്നത്.
ദുബായില്‍ എൻജിനിയറാണെന്ന വ്യാജേന മാട്രിമണി സൈറ്റില്‍നിന്നു ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ചാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യുവതിയുമായി ഇയാള്‍ ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് വിദേശ മൊബൈല്‍ നമ്ബറില്‍നിന്ന് ഇവരുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് ചില കേസുകളില്‍ കുടുങ്ങിയെന്നു കാണിച്ച് പല തവണകളായി 13 ലക്ഷത്തിലധികം രൂപയാണ് യുവതിയില്‍നിന്നു തട്ടിയത്. യുവതി നല്‍കിയ പരാതിയില്‍ കേസെടുത്ത് പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.
രണ്ടാം വിവാഹത്തിനായി മാട്രിമണി സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന യുവതികളെ ലക്ഷ്യം വയ്ക്കുന്ന പ്രതി ഇത്തരത്തില്‍ രണ്ട് വിവാഹം കഴിച്ചതായും മറ്റു പലരുമായും ബന്ധപ്പെട്ടുവരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ പരിചയപ്പെടുന്ന യുവതികളുടെ വീഡിയോകളും ഫോട്ടോകളും വാട്സ്‌ആപ്പ് വഴി ശേഖരിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയുമാണു പണം തട്ടുന്നത്.
സൈബര്‍ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടര്‍ ദിനേശ് കോറോത്തും സംഘവും നടത്തിയ പരിശോധനയിലാണു വിദേശത്തുനിന്നെത്തി ബംഗളൂരില്‍ പല സ്ഥലങ്ങളിലായി വ്യാജ വിലാസത്തില്‍ താമസിച്ചുവരുന്ന ഇയാളെ അറസ്റ്റ് ചെയ്തത്.