മലപ്പുറം: മലപ്പുറം വളാഞ്ചേരിയിലെ കട ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട് ‘തൊപ്പി’എന്ന പേരിലറിയപ്പെടുന്ന യൂട്യൂബര്‍ക്കെതിരെ കേസ്.ഗതാഗതം തടസം, അശ്ലീലപദ പ്രയോഗം നടത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ‘തൊപ്പി’ ഉദ്ഘാടനം ചെയ്ത കടയുടെ ഉടമക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
വളാഞ്ചേരിയില്‍ നടന്ന കട ഉദ്ഘാടനവും ഇതില്‍ പങ്കെടുത്ത യൂട്യൂബറുടെ പാട്ടും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറു കണക്കിന് കൗമാരക്കാരാണ് പരിപാടിക്ക് തടിച്ചു കൂടിയിരുന്നത്. യൂട്യൂബര്‍ക്കെതിരെ വളാഞ്ചേരി സ്വദേശിയാണ് പൊലീസിനെ സമീപിച്ചത്. ഈ മാസം 17 നായിരുന്നു വിവാദമായ പരിപാടി. കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും താരമാണ്. ഇയാളുടെ റീലുകള്‍ വൈറലാണ്. ‘mrz thoppi’ എന്ന യൂട്യൂബ് ചാനലിന് 6.96 ലക്ഷം സബ്സ്ക്രൈബര്‍മാരാണ് ഉള്ളത്.
അതിനിടെ, സംസ്ഥാനത്തെ ഒൻപത് യുട്യൂബര്‍മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്‍റെ പരിശോധന നടന്നു. യു ട്യൂബിന് പുറമേയുളള വരുമാനത്തിന് ഇവരാരും നികുതിയൊടുക്കുന്നില്ല എന്നാണ് കേന്ദ്ര ഏജൻസിയുടെ കണ്ടത്തല്‍. കൊച്ചിയിലെ ആദായ നികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് സംസ്ഥാനത്തെ ഇരുപത് കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നത്. പേര്‍ളി മാണി, എം 4 ടെക്, അണ്‍ബോക്സിങ് ഡ്യൂഡ്, കാസ്ട്രോ ഗെയിമിങ് തുടങ്ങി 9 യു ട്യൂബര്‍മാര്‍ക്കെതിരെയാണ് അന്വേഷണം. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി.
പേള്‍ളി മാണിയുടെ ആലുവ ചൊവ്വരയിലെ വീട്ടില്‍ രാവിലെ 11നാണ് ഐ ടി സംഘം എത്തിയത്. യുട്യൂബിന് പുറമേ ഇവര്‍ക്ക് വൻതോതില്‍ അധികവരുമാനം ഉണ്ടെന്നാണ് കണ്ടെത്തല്‍. അതിനൊന്നും നികുതിയൊടുക്കുന്നില്ല. ലക്ഷങ്ങള്‍ വിലപിടിപ്പുളള ഗാഡ്ജെറ്റുകള്‍ വിവിധ കന്പനികള്‍ വിദേശത്തുനിന്നടക്കം സമ്മാനമായി നല്‍കുന്നു. വിദേശരാജ്യങ്ങളില്‍ സഞ്ചരിക്കുന്നു. വൻകിട ഹോട്ടലുകളില്‍ താമസിക്കുന്നു. ഇവയില്‍പ്പലതും ബിസിനസ് ആവശ്യങ്ങളുടെ ഭാഗമോ മറ്റുപലരുടെയും സമ്മാനമോ ആണ്. വരുമാനത്തിന് അനുസരിച്ച് നികുയിയൊടുക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ആദ്യഘട്ട പരിശോധനയെന്ന് ആദായ നികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചു. ലക്ഷക്കണക്കിന് വ്യൂവേഴ്സുളള മറ്റുചില യുട്യൂബര്‍മാരടക്കമുളളവരുടെ വരുമാനം സംബന്ധിച്ച് പ്രാഥമികാന്വേഷണവും തുടങ്ങിയിട്ടുണ്ട്.