തൃശൂര്‍: വിസ തട്ടിപ്പ് കേസില്‍ 18 വര്‍ഷമായി ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. കോഴിക്കോട് മുക്കം സ്വദേശി ജെമ്മാരം കാട്ടില്‍ വീട്ടില്‍ ഇബ്രാഹിമാണ് (60) അറസ്റ്റിലായത്.
18 വര്‍ഷംമുമ്ബ് ചിയ്യാരം സ്വദേശിയായ അജിത് കുമാറില്‍നിന്ന് ദുബൈയില്‍ വിസയും ജോലിയും ശരിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം രൂപ വാങ്ങി മുങ്ങുകയായിരുന്നു. നെടുപുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടര്‍ ടി.ജി. ദിലീപ്, സി.പി.ഒ സനൂപ് ശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം മുക്കത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.
വിദേശത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി നാട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. നാട്ടിലെത്തി ആഡംബരപൂര്‍ണമായ വീട് പണിതുകൊണ്ടിരിക്കവെയാണ് പ്രതിയെ പിടികൂടിയത്. കേസില്‍ കോഴിക്കോട് സ്വദേശിയായ മറ്റൊരാള്‍ മുമ്ബ് അറസ്റ്റിലായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.