NADAMMELPOYIL NEWS
JUNE 20/2023

തിരുവനന്തപുരം: എം കോം പ്രവേശനത്തിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവത്തില്‍ കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖില്‍ തോമസിനെതിരെ അച്ചടക്ക നടപടിയുമായി എസ്‌ എഫ് ഐ.നിഖിലിനെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി എസ് എഫ് ഐ നേതൃത്വം അറിയിച്ചു. ഒരിക്കലും ഒരു എസ് എഫ് ഐ പ്രവര്‍ത്തകൻ ചെയ്യാൻപാടില്ലാത്ത കാര്യമാണ് നിഖില്‍ തോമസ് ചെയ്‌തത്. സംഘടനെ നിഖില്‍ തെറ്റിദ്ധരിപ്പിച്ചതായും എസ്‌ എഫ് ഐ നേതൃത്വം പ്രസ്‌താവനയിലൂടെ ചൂണ്ടിക്കാട്ടി.

‘നിഖില്‍ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപം ഉയര്‍ന്നുവന്ന ഘട്ടത്തില്‍ തന്നെ എസ്.എഫ്.ഐയുടെ മുഴുവൻ ഘടകങ്ങളില്‍നിന്നും അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സംഘടനയെ പൂര്‍ണമായും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹം വിശദീകരണം നല്‍കിയത്. അദ്ദേഹം നല്‍കിയ സര്‍ട്ടിഫിക്കറ്റുകളില്‍ കേരള യൂണിവേഴ്സിറ്റിയുടെ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റിനെ സംബന്ധിച്ചു മാത്രമാണ് എന്തെങ്കിലും പരിശോധന നടത്തുവാനുള്ള സാധ്യത എസ്.എഫ്.ഐക്ക് മുമ്ബില്‍ ഉണ്ടായിരുന്നത്. ഇത് പരിശോധിച്ച സമയത്ത് കേരള യൂണിവേഴ്സിറ്റിയുടെ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. എന്നാല്‍ കലിംഗ യൂണിവേഴ്സിറ്റിയില്‍ റെഗുലറായി കോഴ്സ് പൂര്‍ത്തീകരിക്കാൻ നിഖില്‍ തോമസിന് എങ്ങനെ സാധിച്ചു എന്ന ആശങ്ക എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിക്ക് ഉണ്ടായിരുന്നു. അത് മാധ്യമങ്ങളോട് പങ്കുവെച്ചതുമാണ്. ഇത് സംബന്ധിച്ച്‌ പരിശോധന നടത്താൻ കലിംഗ യൂണിവേഴ്സിറ്റിയില്‍ വിവരാവകാശം നല്‍കുക മാത്രമായിരുന്നു എസ്.എഫ്.ഐയുടെ മുൻപിലുള്ള മാര്‍ഗം. ഇതും മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചതാണ്. എന്നാല്‍ പിന്നീട് പുറത്തുവന്ന വാര്‍ത്തകള്‍ പ്രകാരം നിഖില്‍ തോമസ് കലിംഗ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി ആയിരുന്നില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.’ പ്രസ്‌താവനയില്‍ പറയുന്നു.

എസ് എഫ് ഐയുടെ മുഴുവൻ പ്രവര്‍ത്തകര്‍ക്കും പാഠമാകുന്ന രീതിയില്‍ നിഖില്‍ തോമസിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ പ്രസ്‌താവന വഴി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *