കണ്ണൂര്‍: കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവ് നായ അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 3 ആം ക്ലാസുകാരി ജാൻവി അപകട നില തരണം ചെയ്തു.കുട്ടിയുടെ കാലിലും തലയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഇന്നലെ വീട്ടു മുറ്റത്ത് വെച്ചാണ് കുട്ടിയെ തെരുവ് നായകള്‍ വളഞ്ഞിട്ട് ആക്രമിച്ചത്. രക്ഷിതാക്കള്‍ ഓടിയെത്തിയതിനാലാണ് വൻ അപകടം ഒഴിവായത്. സംഭവത്തില്‍ പ്രതിഷേധിച്ചു ഇന്ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫിസിലേക്ക് യുഡിഫ് പ്രതിഷേധ മാര്‍ച് നടക്കും. ഏതാനും ദിവസം മുൻപാണ് ഇതേ പഞ്ചായത്തില്‍ 11 വയസുകാരൻ നിഹാല്‍ നൗഷാദിനെ തെരുവ് നായകള്‍ കടിച്ചു കൊന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തെരുവ് നായകളെ പിടികൂടുന്നത് ഊര്‍ജ്ജിതമാക്കും എന്ന് ജില്ലാപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
കണ്ണൂര്‍ മുഴപ്പിലങ്ങാട് വെച്ചാണ് തെരുവുനായ ആക്രമണത്തില്‍ നിഹാല്‍ നൌഷാദ് എന്ന പതിനൊന്നുകാരന്‍ കൊല്ലപ്പെട്ടത്. ഭിന്നശേഷിക്കാരനായ, സംസാര ശേഷിയില്ലാത്ത കുട്ടിയെ നായ്ക്കള്‍ കടിച്ചു കൊല്ലുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് പ്രതിഷേധം ശക്തമായിരുന്നു. കാണാതായ കുട്ടിയെ നാട്ടുകാര്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംസാര ശേഷിയില്ലാത്തതിനാല്‍ കുട്ടിക്ക് നിലവിളിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. കുട്ടിയുടെ അരക്കു താഴെ മാംസം മുഴുവന്‍ നായ്ക്കള്‍ കടിച്ചെടുത്ത നിലയിലായിരുന്നു. ഉടന്‍ തന്നെ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
മുഴപ്പിലങ്ങാട് കേട്ടിനകം മേഖലയില്‍ ഭീതിയോടെയാണ് നാട്ടുകാര്‍ കഴിയുന്നത്. നായ കടിക്കാൻ വന്നാല്‍ പ്രതിരോധിക്കാനായി വടികളുമായാണ് ആളുകള്‍ പുറത്തിറങ്ങുന്നത്. കുട്ടിയുടെ മരണവിവരം പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് സ്ഥലത്താകെ ഉയരുന്നത്. പ്രതിഷേധം ശക്തമായതോടെ ജില്ലാ പഞ്ചായത്ത് നായ്ക്കളെ പിടികൂടാനാരംഭിച്ചിരുന്നു.
തെരുവ് നായ കുട്ടിയെ കടിച്ചു കൊന്ന ദാരുണ സംഭവത്തില്‍ കോടതി ഇടപെടണമെന്നായിരുന്നു കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുന്നോട്ട് വെക്കുന്ന ആവശ്യം. ജനങ്ങളുടെ ജീവനാണ് വില നല്‍കേണ്ടത്. അക്രമകാരികളായ തെരുവ് നായകളെ കൊല്ലാൻ അനുമതി വേണം. ഇതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ തെരുവുനായ ആക്രമിച്ചതോടെ പ്രദേശത്ത് പ്രതിഷേധനം ശക്തമായിരിക്കുകയാണ്.