തിരുവനന്തപുരം: 35 വര്‍ഷത്തിനിടെ വിവിധ ജില്ലകളില്‍ അമ്ബതിലധികം മോഷണങ്ങള്‍ നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ കുടുക്കി എഐ ക്യാമറ.ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം നിരവധി മോഷണങ്ങള്‍ നടത്തിയ 53 കാരനെ കുടുക്കിയത് മോഷ്ടിച്ച സ്കൂട്ടറില്‍ ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന്‍റെ ചിത്രം സഹിതമുള്ള ചെല്ലാൻ യഥാര്‍ഥ ഉടമയ്ക്ക് ലഭിച്ചപ്പോള്‍. തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പഞ്ചലോഹ വിഗ്രഹങ്ങള്‍ ഉള്‍പ്പെടെ അൻപതോളം മോഷണ കേസുകളില്‍ പ്രതിയായ തിരുവനന്തപുരം നെടുമങ്ങാട് വെമ്ബായം കാരൂര്‍ക്കോണം ജൂബിലി വീട്ടില്‍ ബിജു സെബാസ്റ്റ്യൻ (53) നെയാണ് കീഴ്‌വായ്‌പൂര് പൊലീസ് പിടികൂടിയത്.

വിവിധ കേസുകളിലായി തിരുവനന്തപുരം സെൻട്രല്‍ ജയിലില്‍ തടവു ശിക്ഷ കഴിഞ്ഞ് മാര്‍ച്ചില്‍ ഇറങ്ങിയ ബിജു മാര്‍ച്ച്‌ 26ന് വെമ്ബായത്തുനിന്ന് മോട്ടോര്‍ സൈക്കിളും, 27 ന് അടൂരില്‍ നിന്ന് സൈലോ കാറും മോഷ്ടിച്ചിരുന്നു. 28 ന് മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയെ ഉപദ്രവിച്ച ശേഷം രണ്ടര പവൻ വരുന്ന മാല മോഷ്ടിച്ചു പിന്നാലെ മല്ലപ്പള്ളി മാലുങ്കലുള്ള വീട് കുത്തിത്തുറന്ന് മോഷണ ശ്രമം നടത്തി. ഏപ്രില്‍ 6ന് ഏറ്റുമാനൂരില്‍ നിന്ന് മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചു. മല്ലപ്പള്ളി ആനിക്കാട് റോഡിലെ കെ മാര്‍ട്ട് എന്ന സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഗ്ലാസ് തകര്‍ത്ത് 31,500 രൂപയും സ്‌കൂട്ടറും മോഷ്ടിച്ചു. അടുത്ത ദിവസം രാവിലെ പത്തേകാലോടെ മോഷ്ടിച്ച വാഹനത്തില്‍ തിരുവനന്തപുരത്ത് പാങ്ങോട് ഭാഗത്ത് ഹെല്‍മെറ്റ് വെക്കാതെ ഇയാള്‍ സ്കൂട്ടര്‍ ഓടിക്കുന്ന ചിത്രം സഹിതം വാഹനത്തിൻ്റെ യഥാര്‍ഥ ഉടമയുടെ ഫോണില്‍ പിഴ അടയ്ക്കാൻ മെസ്സേജ് വന്നതോടെയാണ് പ്രതിയെ പൊലീസിനു തിരിച്ചറിയാൻ സഹായകമായത്.

ഒരു കോടി രൂപയിലധികം വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹം തിരുവനന്തപുരത്ത് മോഷ്ടിച്ച കേസിലെ മുഖ്യ കണ്ണിയാണ് ഇയാള്‍. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കുകയോ ചെയ്യാത്ത പ്രതിയെ രണ്ടുമാസത്തെ പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ് എച്ച്‌ വിപിൻ ഗോപിനാഥ് ,എസ് ഐ മാരായ ആദര്‍ശ്, സുരേന്ദ്രൻ, സി പി ഓ അൻസിം, രതീഷ്, വിഷ്ണു, ദീപു, ഷെഫീഖ്, ശരത്ത്, എസ് ഐ അജു, ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *