ആളുകൾ പലപ്പോഴും സാങ്കേതികവിദ്യ മികച്ച രീതിയിൽ തന്നെ ഉപയോഗിക്കാറുണ്ട്. ഈയിടെ സ്റ്റാർബക്സ് കഫേയിലെ ഓർഡർ കൗണ്ടറിൽ ഇരുന്നുകൊണ്ട് തന്റെ ഓർഡർ നൽകുന്നതിനായി കൗണ്ടറിലേക്ക് നടക്കാനുള്ള അസൗകര്യം എങ്ങനെ ഒഴിവാക്കി എന്നതിനെക്കുറിച്ചുള്ള രസകരമായ കഥ പങ്കിട്ട ഒരാളുടെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കുറഞ്ഞ വിലയിൽ താനിരിക്കുന്ന സ്റ്റാർബക്സിൽ നിന്നും കോഫി ലഭിക്കാൻ താൻ സൊമാറ്റോ ഉപയോഗിച്ച് എന്നാണ് ഇയാൾ പറയുന്നത്.
സന്ദീപ് മാൾ എന്നയാളാണ് തന്റെ രസകരമായ അനുഭവം ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. സൊമാറ്റോ വഴി ഓർഡർ നൽകിയപ്പോൾ 400 രൂപ വിലയുള്ള സ്റ്റാർബക്‌സിലെ കാപ്പി 190 രൂപയ്ക്ക് ലഭിച്ച കഥയാണ് സന്ദീപ് ട്വിറ്ററിലൂടെ വിവരിച്ചത്. ഡെലിവറി പാർട്ണർ തൻ ഇരിക്കുന്ന സ്റ്റാർബക്‌സിലെ കൗണ്ടറിൽ നിന്ന് കോഫി എടുത്ത് തന്റെ മേശപ്പുറത്ത് വെച്ചതെങ്ങനെയെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ് ‘സ്റ്റാർബക്‌സിൽ ഇരിക്കുന്നു, 400 രൂപയാണ് കോഫിയ്ക്ക്. അതേ കോഫിക്ക് സൊമാറ്റോയിൽ 190 രൂപ. സ്റ്റാർബക്‌സിന്റെ അഡ്രസ്സിൽ സൊമാറ്റോ ഓർഡർ ചെയ്തു. ഡെലിവറി ബോയ് കോഫി എടുത്ത് സ്റ്റാർബക്‌സിൽ ഇരിക്കുന്ന എന്റെ മേശയിലേക്ക് വയ്ക്കുന്നു, ഈ ബിസിനസിന്റെ ബുദ്ധി ഒന്ന് വേറെ തന്നെ’.
ഗുണനിലവാരത്തിന് പേരുകേട്ടതാണെങ്കിലും വളരെ ചെലവേറിയതാണ് സ്റ്റാർബക്സിലെ കോഫി. ഒരു സാധാരണ കോഫിയ്ക്ക് ഏകദേശം 300-400 രൂപ വിലവരും. സൊമാറ്റോ, സ്വിഗ്ഗി പോലെയുള്ള ഡെലിവറി ആപ്പുകൾ പലപ്പോഴും തങ്ങളുടെ ഓർഡറുകൾക്ക് ഡിസ്‌കൗണ്ട് കൂപ്പണുകൾ വാഗ്ദാനം ചെയ്യുന്നതിനാൽ, ഒരു ഗോൾഡ് സബ്‌സ്‌ക്രൈബർ ആണെങ്കിൽ സൗജന്യ ഡെലിവറി വരെ ആസ്വദിക്കാം എന്നതാണ് ഇതിലൂടെ മനസിലാക്കാൻ സാധിക്കുന്നത്.
സന്ദീപിന്റെ ട്വിറ്റർ ഫോളോവേഴ്സിൽ ഒരാൾ ഡെലിവറി ബോയുടെ പ്രതികരണത്തെ കുറിച്ചാണ് ചോദിച്ചത്. കഫേയിൽ ഇരിക്കുമ്പോൾ ആളുകൾ സൊമാറ്റോയിൽ നിന്ന് ഓർഡർ ചെയ്യുന്നുണ്ടെന്ന് ഡെലിവറി ബോയ്ക്ക് നേരത്തെ തന്നെ അറിയാമായിരുന്നു, അതിനാൽ താൻ അതിശയിച്ചില്ല എന്നായിരുന്നു മാളിന്റെ മറുപടി. മാളിന്റെ ട്വീറ്റിന് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. വളരെക്കാലമായി റെസ്റ്റോറന്റിനുള്ളിൽ ഇരുന്നുകൊണ്ട് ഡെലിവറി ആപ്പുകളിൽ നിന്ന് ഓർഡർ ചെയ്യാറുണ്ട് എന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് എഴുതിയത്. നല്ല ഡീൽ ലഭിക്കുമെന്ന് പറഞ്ഞ് സ്വിഗ്ഗിയിൽ നിന്നോ സൊമാറ്റോയിൽ നിന്നോ ഓർഡർ ചെയ്യാൻ സ്റ്റാളിന്റെ ഉടമ തന്നെ ചിലപ്പോൾ തന്നോട് ആവശ്യപ്പെടാറുണ്ടെന്നും ഇയാൾ വെളിപ്പെടുത്തി.
മാളിന്റെ ട്വീറ്റ് ട്വിറ്ററിൽ ഇതിനകം വൈറലായിരിക്കുകയാണ്. വലിയ കഫേകളിൽ നിന്ന് പണം ലാഭിക്കാനുള്ള ബുദ്ധിപരമായ മാർഗമായതിനാൽ സന്ദീപിന്റെ ബുദ്ധിയെ പ്രശംസിക്കുകയാണ് മറ്റുള്ളവർ. സ്റ്റാർബക്സ് ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.