NADAMMELPOYIL NEWS
JUNE 13/2023
പാലക്കാട്: അട്ടപ്പാടി ഗവണ്‍മെന്റ് കോളേജില്‍ മഹാരാജാസ് കോളേജിലെ വ്യാജരേഖയുമായി അഭിമുഖത്തിന് കെ വിദ്യയെത്തിയത് വെള്ള സ്വിഫ്റ്റ് കാറിലാണെന്ന് കണ്ടെത്തി.
കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് വിവരം കിട്ടിയത്. കാറില്‍ വിദ്യക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. കാറില്‍ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാല്‍ കാറിനകത്ത് ഉണ്ടായിരുന്ന ആളുടെ മുഖം വ്യക്തമായി പതിഞ്ഞില്ല. വിദ്യയെ ഇറക്കിയ ശേഷം കാര്‍ പുറത്തു പോയി. പിന്നീട് 12 മണിക്ക് ശേഷം കാറുമായി ഇയാള്‍ വീണ്ടും കോളേജിലെത്തിയതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്.
ജൂണ്‍ രണ്ടിനാണ് വിദ്യ കോളേജില്‍ എത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുടെ കാര്യത്തില്‍ വലിയ തോതില്‍ ആശയകുഴപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് കോളേജിലെത്തിയപ്പോള്‍ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരൻ ദൃശ്യങ്ങളില്ലെന്ന് പറഞ്ഞിരുന്നു. കോളേജില്‍ ആറ് ദിവസത്തെ ദൃശ്യങ്ങള്‍ മാത്രമേ ഉള്ളൂവെന്നായിരുന്നു അന്ന് പൊലീസിന് കിട്ടിയ മറുപടി. പൊലീസ് മടങ്ങിപ്പോയ ശേഷം പ്രിൻസിപ്പലാണ് ദൃശ്യങ്ങളുണ്ടെന്ന് വ്യക്തമാക്കി രംഗത്ത് വന്നത്. ഇതനുസരിച്ച് വീണ്ടും പൊലീസ് കോളേജിലെത്തി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. ഇതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
അതേസമയം വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കാസര്‍കോട് കോളജില്‍ ജോലി ചെയ്യുകയും അട്ടപ്പാടി കോളജില്‍ ജോലിക്ക് ശ്രമിക്കുകയും ചെയ്ത കെ വിദ്യ എവിടെയെന്ന് അറിയില്ലെന്ന വാദം ആവര്‍ത്തിക്കുകയാണ് പോലീസ്. മഹാരാജാസ് കോളേജില്‍ മുൻപ് ചെയ്ത പ്രൊജക്ടിന്റെ സര്‍ട്ടിഫിക്കറ്റില്‍ നിന്നുള്ള ഒപ്പും സീലും വ്യാജ സര്‍ട്ടിഫിക്കറ്റിന് ഉപയോഗിച്ചുവെന്നാണ് നിഗമനം. ഒളിവിലിരുന്ന് വിദ്യ അഭിഭാഷകരെയും സുഹൃത്തുക്കളെയും ഒക്കെ നിരന്തരം ബന്ധപ്പെടുമ്ബോഴാണ് പോലീസിന്റെ ഈ ഒന്നുമറിയില്ലാ വാദം.
അട്ടപ്പാടി ആര്‍ ജി എം കോളജില്‍ എത്തിയ പോലീസ് സംഘം വിദ്യ ജോലിക്കായി നല്‍കിയ ബയോഡാറ്റ അടക്കം ശേഖരിച്ചു. ഈ ബയോഡാറ്റയിലും ഇല്ലാത്ത പ്രവൃത്തി പരിചയം വിദ്യ രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യയുടെ തട്ടിപ്പ് ആദ്യം കണ്ടെത്തിയ അട്ടപ്പാടി കോളജ് പ്രിൻസിപ്പല്‍ ലാലി മോള്‍ വര്‍ഗീസ് ഇക്കാര്യത്തില്‍ വിശദമായ മൊഴി പൊലീസിന് നല്‍കി. രേഖകളും കൈമാറി.