മുക്കം ∙ വേറിട്ട രീതിയിൽ കണിക്കൊന്ന പൂത്തതു നാട്ടുകാർക്കു കൗതുകമാകുന്നു. മുക്കം കോഴിക്കോട് റോഡിൽ അഗസ്ത്യൻമൂഴി എ.യു.പി സ്കൂളിന്റെ മുറ്റത്തെ കൊന്ന മരത്തിലാണ് പച്ച തണ്ടിൽ ബൾബ് തൂക്കിയ രൂപത്തിൽ കണിക്കൊന്ന പൂത്തത്. വിഷുക്കാലമായാൽ അഗസ്ത്യൻമൂഴി യു.പി സ്കൂളിന് മുന്നിലുള്ള കൊന്ന മരം ഒരു ഇല പോലും കാണാത്ത രൂപത്തിൽ പൂത്തു പന്തലിച്ചു നിൽക്കുന്നതു പതിവു കാഴ്ചയാണ്. പക്ഷേ, ഇത്തവണ പച്ച തണ്ടിൽ ബൾബ് തൂക്കിയിട്ട രൂപത്തിലാണ് കൊന്ന പൂത്തത്. ഇതു നാട്ടുകാർക്കും ഇവിടെയെത്തുന്നവർക്കും വേറിട്ട കാഴ്ചയായി. ബസിലും മറ്റു വാഹനങ്ങളിലും ഇതുവഴി സഞ്ചരിക്കുന്നവർക്കും ഫോണിൽ ഫോട്ടോ എടുക്കാനും ഉത്സാഹം. അപൂർവ കാഴ്ച കാണാനും ചിത്രം പകർത്താനും മാത്രമായും നിരവധി പേർ എത്തുന്നുണ്ട്.