ഇരുവഴിഞ്ഞിപ്പുഴയിലും ചെറുപുഴയിലും നീർനായകളുടെ ആക്രമണംകൂടുന്നു. ഇരുവഴിഞ്ഞിപ്പുഴയിലാണ് നീർനായയുടെ ഭീഷണി ഏറ്റവുംകൂടുതലുള്ളത്.
ചൊവ്വാഴ്ച ചെറുപുഴയിൽ അമ്പലക്കണ്ടി കടവിൽ കുളിച്ചുകൊണ്ടിരുന്ന പരിസരവാസിയെ നീർനായ കടിച്ച് പരിക്കേൽപ്പിച്ചു. ഇവിടെ രണ്ടാഴ്ചമുൻപ് വീട്ടമ്മയ്ക്കും കടിയേറ്റിരുന്നു.
തിങ്കളാഴ്ച തിരുവോണനാളിൽ ഇരുവഴിഞ്ഞിപ്പുഴയിൽ പുൽപറമ്പ് കടവിൽ കുളിക്കാനിറങ്ങിയ നിസാമുദ്ദീൻ, മംഗലശ്ശേരി തോട്ടംകടവിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ മുഹമ്മദ് നാജി എന്നിവർക്ക് നീർനായകളുടെ കടിയേറ്റു. കഴിഞ്ഞദിവസം കച്ചേരിക്കടവിൽ സഹോദരനോടൊപ്പം കുളിച്ചുകൊണ്ടിരിക്കെ 10 വയസ്സുകാരിയായ കൃഷ്ണപ്രിയയുടെ കാലിന് കടിയേറ്റിരുന്നു. കൊടിയത്തൂർ കടവിൽ തുണി അലക്കുകയായിരുന്ന സോഫിയ എന്ന വീട്ടമ്മയുടെ കാലിൽ കടിച്ച് വെള്ളത്തിലാഴ്ത്താൻ ശ്രമിച്ചിരുന്നു. രക്ഷിക്കാനിറങ്ങിയ 12 വയസുകാരനായ മകനേയും നീർനായ അക്രമിച്ച് പരിക്കേൽപ്പിച്ചു. സാരമായി പരിക്കേറ്റ ഇരുവരും മെഡിക്കൽ കോളജിൽ ചികിത്സ തേടി.
വെസ്റ്റ് കൊടിയത്തൂരിൽ യുവാവിനേയും കാരശേരി സ്വദേശിയായ ഒരു യുവതിയേയും നീർനായ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. ചേന്ദമംഗലൂർ, കൊടിയത്തൂർ, കാരശ്ശേരി ഭാഗങ്ങളിലുള്ള ചെറിയ കുട്ടികൾ ഉൾപ്പടെ പത്തിലേറെ ആളുകൾക്കാണ് ആഴ്ചകൾക്കുള്ളിൽ നീർനായയുടെ കടിയേറ്റത്. കക്കാട് സ്വദേശിയായ വയോധികന് ജനുവരിയിൽ നീർനായയുടെ കടിയേറ്റിരുന്നു. നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ ടി.കെ. ജുമാനിനെ നോർത്ത് ചേന്ദമംഗലൂർ ആറ്റുപുറം കടവിൽവെച്ച് അക്രമിച്ച് പരിക്കേൽപ്പിച്ചത് കഴിഞ്ഞ മേയ് മാസമായിരുന്നു.
നീർനായകളുടെ ആക്രമണം തുടർക്കഥയായിട്ടും അധികൃതരാരും നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നീർനായകൾ വന്യജീവി വിഭാഗത്തിലായതിനാൽ വനംവകുപ്പ് ഇവയെ കൂടുവെച്ച് പിടിക്കുന്നതിന് സംവിധാനമൊരുക്കേണ്ടി വരും. അരീക്കോട് പൂങ്കുടിപ്പുഴയിൽ നീർനായകളെ പിടികൂടാൻ വനം വകുപ്പ് കഴിഞ്ഞദിവസം കൂടുസ്ഥാപിച്ച് ശ്രമം തുടങ്ങിയിട്ടുണ്ട്.