ഇടുക്കി: പതിനാലുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ചു ഗർഭണിയാക്കിയ പിതാവിന് 31 വർഷം കഠിന തടവ് വിധിച്ച് കോടതി. തടവ് ശിക്ഷയ്ക്ക് പുറമെ 75000 രൂപ പിഴയും അടയ്ക്കണം. ഇടുക്കി  കൊന്നത്തടി സ്വദേശിയെയാണ് പൈനാവ് അതിവേഗ കോടതി ജഡ്ജി ടി ജി വർഗീസ് ശിക്ഷിച്ചത്. 2016 കാലഘട്ടത്തിലാണ് പീഡനം നടന്നത്.  രാത്രികാലങ്ങളിൽ പല തവണകളായി പിതാവ് മകളെ ശാരീരികമായി പീഡിപ്പിച്ചു ഗർഭണിയാക്കുകയായിരുന്നു.

ഇരയായ പെൺകുട്ടിയും പിതാവും അമ്മയും സഹോദരനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിചാരണ വേളയിൽ അതിജീവിതയും അമ്മയും മറ്റ്‌ പ്രധാന സാക്ഷികളും കേസില്‍ നിന്നും കൂറുമാറി. എന്നാൽ പെൺകുട്ടിയുടെ അബോർട് ചെയ്ത ഭ്രൂണത്തിന്റെ സാമ്പിൾ ഡി എൻ എ പരിശോധനയിലൂടെ  പ്രതി പിതാവാണെന്ന് പൊലീസ് തെളിയിച്ചു. 

വിവിധ വകുപ്പുകളിലായി ലഭിച്ച ശിക്ഷയിൽ ഏറ്റവും ഉയർന്ന ശിക്ഷയായ പത്തു വർഷം പ്രതി അനുഭവിച്ചാൽ മതി. കൂടാതെ പെൺകുട്ടിയുടെ പുനരധിവാസത്തിനായി 50000 രൂപ നല്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടും കോടതി നിർദ്ദേശിച്ചു . കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *