NADAMMELPOYIL NEWS
DECEMBER 15/2022

ദോ: കോട്ടക്കെട്ടി കാത്ത മൊറോക്കന്‍ പ്രതിരോധത്തെ ഇടിച്ചിട്ട് ഫ്രഞ്ച് പടയോട്ടം. ഖത്തര്‍ ലോകകപ്പിലെ രണ്ടാമത്തെ സെമിയില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആഫ്രിക്കന്‍ വീരന്മാരായ മൊറോക്കോയെ നാട്ടിലേക്ക് പറഞ്ഞുവിട്ടാണ് ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം വട്ടവും അവസാന അങ്കത്തിന് യോഗ്യത നേടിയത്.
ഫ്രഞ്ച് പടയ്ക്കായി തിയോ ഹെര്‍ണാണ്ടസും കോലോ മഔനിയും ഗോളുകള്‍ നേടി. ഒരു ആഫ്രിക്കന്‍ ടീമിന്റെ ലോകകപ്പുകളിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ലോക ചാമ്ബ്യന്മാരെയും വിറപ്പിച്ചാണ് മൊറോക്കോയുടെ മടക്കം.

കോട്ട ഇളകി

ലോകകപ്പില്‍ ഒരു ഓണ്‍ ഗോള്‍ അല്ലാതെ മറ്റൊരു ഗോള്‍ പോലും വഴങ്ങാതെ പാറ പോലെ ഉറച്ച നിന്ന മെറോക്കന്‍ പ്രതിരോധത്തെ തകര്‍ത്തു കൊണ്ടാണ് ഫ്രാന്‍സ് തുടങ്ങിയത്. ആര്‍ത്തിരമ്ബിയ മൊറോക്കന്‍ ആരാധകരെ നിശബ്ദരാക്കാന്‍ ഫ്രഞ്ച് കരുത്തന്മാര്‍ക്ക് വേണ്ടി വന്നത് വെറും അഞ്ച് മിനിറ്റാണ്. റാഫേല്‍ വരാന്റെ എണ്ണം പറഞ്ഞ ഒരു ത്രൂ ബോള്‍ മൊറോക്കന്‍ മതിലിനെ കീറി മുറിച്ചാണ് ഗ്രീസ്മാനിലേക്ക് എത്തിയത്. ആടിയുലഞ്ഞ പ്രതിരോധ നിരയെ മുതലെടുത്ത് ഗ്രീസ്മാന്‍ പന്ത് എംബാപ്പെയിലേക്ക് നല്‍കി. താരത്തിന്റെ ഷോട്ട് ഗോളാകാതെ സംരക്ഷിച്ചെങ്കിലും ലെഫ്റ്റ് ബാക്കായ തിയോ ഹെര്‍ണാണ്ടസിന്റെ വരവിനെ തടുക്കാനുള്ള അസ്ത്രങ്ങള്‍ മൊറോക്കന്‍ ആവനാഴിയില്‍ ഉണ്ടായിരുന്നില്ല.
ഫ്രാന്‍സിനെ തളച്ചിടാനുള്ള തന്ത്രവുമായി ഇറങ്ങിയ മൊറോക്കോയ്ക്ക് തങ്ങളുടെ ഗെയിം പ്ലാന്‍ ഉള്‍പ്പെടെ ആദ്യ നിമിഷങ്ങളിലെ ഒറ്റ ഗോളോടെ മാറ്റേണ്ടി വന്നു.

പ്രതിരോധത്തില്‍ മാത്രം ഒതുങ്ങാതെ ഇതോടെ മൊറോക്കോ ആക്രമിക്കാനും ആരംഭിച്ചു. 10-ാം മിനിറ്റില്‍ മധ്യനിര താരം ഔനാഹി ബോക്സിന് പുറത്ത് നിന്ന് ലക്ഷ്യത്തിലേക്ക് ഷോട്ട് ഉതിര്‍ത്തെങ്കിലും ലോറിസിനെ കടക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. ഇംഗ്ലണ്ടിനെതിരെ എന്ന പോലെ എതിരാളിക്ക് ആവശ്യത്തിന് പൊസഷന്‍ അനുവദിച്ച്‌ അവസരങ്ങളില്‍ തിരിച്ചടിക്കുക എന്ന് തന്ത്രം തന്നെയാണ് ദെഷാംസ് വീണ്ടും പയറ്റിയത്. 17-ാം മിനിറ്റില്‍ ബൗഫലിന്റെ പാസില്‍ നിന്ന് സിയെച്ചിന് ഷോട്ട് എടുക്കാന്‍ സാധിച്ചെങ്കിലും പുറത്തേക്ക് പോയി.

തൊട്ട് പിന്നാലെ ഫ്രഞ്ച് ബോക്സില്‍ നിന്ന് വന്ന ലോംഗ് ബോള്‍ നിയന്ത്രിക്കാന്‍ മൊറോക്കന്‍ പ്രതിരോധത്തിന് സാധിക്കാതെ വന്നതോടെ ജിറൂദ് തന്റെ പെര്‍ഫെക്‌ട് സ്ട്രെൈക്കിഗ് എബിലിറ്റി പുറത്തെടുത്ത് ഇടംകാല് കൊണ്ട് കനത്ത ഷോട്ട് പായിച്ചെങ്കിലും ബാറില്‍ ഇടിച്ച്‌ പുറത്തേക്ക് പോയി. 19-ാം മിനിറ്റില്‍ പരിക്ക് വലച്ച നായകന്‍ സയസ്സിനെ മൊറോക്കോയ്ക്ക് പിന്‍വലിക്കേണ്ടി വന്നത് ആഫ്രിക്കന്‍ സംഘത്തിന് തിരിച്ചടിയായി. സിയെച്ചിലൂടെയും ബൗഫലിലൂടെയുമെല്ലാം നല്ല നീക്കങ്ങള്‍ മെനഞ്ഞെടുക്കാന്‍ മൊറോക്കോയ്ക്ക് സാധിച്ചെങ്കിലും ഗോള്‍ നേടാന്‍ മാത്രം സാധിക്കാതെ ആഫ്രിക്കന്‍ ശക്തികള്‍ ബുദ്ധിമുട്ടുകയായിരുന്നു

35-ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയുടെ പേസിന് മുന്നില്‍ മൊറോക്കന്‍ പ്രതിരോധം മത്സരത്തില്‍ ആദ്യമായി വിയര്‍ത്തു. ചൗമെനിയുടെ ത്രൂ ബോളിലേക്ക് പറന്ന് കയറി എംബാപ്പെ ശ്രമിച്ച്‌ നോക്കിയെങ്കിലും ഹക്കിമി കൃത്യസമയത്ത് രക്ഷനായി. ക്ലിയര്‍ ചെയ്യപ്പെട്ട പന്ത് ഹെര്‍ണാണ്ടസ് ബോക്സിന് നടുക്ക് ആരും മാര്‍ക്ക് ചെയ്യാനില്ലാതെ നിന്ന ജിറൂദിലേക്ക് അതിവേഗം നല്‍കിയെങ്കിലും അത് ഗോളാകാതെ പോയത് മൊറോക്കോയുടെ ഭാഗ്യം കൊണ്ട് മാത്രമായിരുന്നു. 44-ാം മിനിറ്റില്‍ സിയെച്ചിന്റെ കോര്‍ണറിന് ഒടുവില്‍ യാമിഖിന്റെ അക്രോബാറ്റിക് ശ്രമം പോസ്റ്റിലിടിച്ച്‌ മടങ്ങുന്നത് അവിശ്വസനീയതയോടെയാണ് മൊറോക്കന്‍ ആരാധകര്‍ കണ്ടത്. അവസാന നിമിഷം മൊറോക്കോ ആക്രമണം കടുപ്പിച്ചെങ്കിലും ഗോള്‍ വഴങ്ങാതെ ഫ്രാന്‍സ് പിടിച്ച്‌ നിന്നു.

മൊറോക്കന്‍ വീരഗാഥയ്ക്ക് വിരാമം

ലക്ഷ്യം ഗോളാണെന്ന് ഉറപ്പിച്ചെത്തിയ മൊറോക്കോ ആയിരുന്നു രണ്ടാം പകുതിയില്‍ കളത്തില്‍. ഫ്രഞ്ച് പ്രതിരോധത്തെ പല ഘട്ടത്തിലും അമ്ബരിപ്പിക്കാന്‍ ആഫ്രിക്കന്‍ വീര്യത്തിന് സാധിച്ചു. മൊറോക്കന്‍ ആക്രമണത്തിനിടെ പന്ത് കിട്ടിയ എംബാപ്പെയുടെ മിന്നല്‍ പോലെയുള്ള പോക്കാണ് രണ്ടാം പാതിയെ ആദ്യം ത്രസിപ്പിച്ചത്. ഫ്രഞ്ച് കരുത്തന് പിന്നാലെ പാഞ്ഞ അംബ്രബാത്തിന്റെ ടാക്കിള്‍ മൊറോക്കോയെ രക്ഷിച്ചു. പിന്നാലെ തുര്‍ച്ചയായ രണ്ട് മുന്നേറ്റങ്ങള്‍ നടത്തിയ മൊറോക്കോ ഗോളിന് തൊട്ട് അടുത്ത് വരെയെത്തി. എന്നാല്‍, സെന്റര്‍ ബാക്കുകളായ വരാന്റെയും കൊനാറ്റയുടെയും കരളുറപ്പിന് മുന്നില്‍ നിരാശരായി മടങ്ങിയ ആഫ്രിക്കന്‍ പട അടുത്ത കുതിപ്പിനുള്ള വല നെയ്തു.
യൂറോപ്പിന്റെ വമ്ബിനെ മികച്ച പാസിംഗ് ഗെയിമിലൂടെ ചോദ്യം ചെയ്യുകയായിരുന്നു മൊറോക്കോ. സിയെച്ചും ബൗഫലും ഹക്കീമിയും ചുവപ്പന്‍ കുപ്പായത്തില്‍ പാറിക്കളിച്ചു. ജിറൂദിനെ പിന്‍വലിച്ച്‌ മാര്‍ക്കസ് തുറാമിനെ ദെഷാംസ് എത്തിച്ചതോടെ ഫ്രഞ്ച് മുന്നേറ്റ നിര അതിവേഗക്കാരെ കൊണ്ട് നിറഞ്ഞു. 76-ാം മിനിറ്റില്‍ ചൗമെനിയുടെ കാലില്‍ നിന്ന് പന്ത് റാഞ്ചിയെടുത്ത ഹംദെല്ലാഹ് ഫ്രഞ്ച് പ്രതിരോധ നിരയെ വെട്ടിയൊഴിഞ്ഞ് കുതിച്ചെങ്കിലും ഷോട്ട് എടുക്കാന്‍ സാധിക്കാതെ പോയതോടെ സുവര്‍ണാവസരം പാഴായി.

79-ാം മിനിറ്റില്‍ പകരക്കാരനായി എത്തിയ കോലോ മഔനി തന്റെ ആദ്യ ടച്ച്‌ തന്നെ ഗോളാക്കി മാറ്റി ഫ്രാന്‍സിന്റെ ജയമുറപ്പിച്ച ഗോള്‍ഡന്‍ ബോയ് ആയി. ബോക്സിനുള്ളില്‍ വച്ച്‌ തുറാം നല്‍കിയ പന്ത് തന്നെ പൊതിഞ്ഞ മൊറോക്കന്‍ താരങ്ങള്‍ക്കിടയിലൂടെ വെട്ടിയൊഴിഞ്ഞ് എംബാപ്പെ ലക്ഷ്യം വച്ചെങ്കിലും പ്രതിരോധ താരത്തിന്റെ കാലില്‍ തട്ടി. പക്ഷേ, തക്കം പാര്‍ത്ത് നിന്ന് മഔനിക്ക് ഒന്ന് ടാപ്പ് ഇന്‍ ചെയ്യേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തോല്‍വി ഉറപ്പിച്ചിട്ടും തളരാത്ത മൊറോക്കന്‍ പോരാളികള്‍ ഫ്രാന്‍സ് ബോക്സിലേക്ക് വീണ്ടും കുതിപ്പ് തുടര്‍ന്നു. അവസാന ചിരി പക്ഷേ ഫ്രാന്‍സിന് മാത്രം സ്വന്തമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *