NADAMMELPOYIL NEWS
NOVEMBER 14/2022

തിരുവനന്തപുരം: കൗമുദി ടിവി മുന്‍ ന്യൂസ് എഡിറ്റര്‍ ജി.എസ്. ഗോപീകൃഷ്ണന്‍ അന്തരിച്ചു. 48 വയസായിരുന്നു. രോഗബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 4.20നായിരുന്നു അന്ത്യം.
എ.സി.വി ന്യൂസില്‍ റിപ്പോര്‍ട്ടറായി മാദ്ധ്യമപ്രവര്‍ത്തനം ആരംഭിച്ച ഗോപീകൃഷ്ണന്‍ അമൃത ടിവി തിരുവനന്തപുരം റീജണല്‍ ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്നു.

കാലാരംഗത്തും ശ്രദ്ധേയ സാന്നിദ്ധ്യനായിരുന്നു ഗോപീകൃഷ്ണന്‍. ഗായകസംഘമായ എം.ബി.എസ് യൂത്ത് ക്വയറിലെ സജീവ ഗായകനായിരുന്നു. പ്രശസ്ത കഥകളി നടന്‍ ചിറക്കര മാധവന്‍ കുട്ടി ആശാനെക്കുറിച്ച്‌ മായാമുദ്രയെന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു. ഗിരീഷ് കര്‍ണാട് രചിച്ച്‌ അമിതാഭ് ബച്ചനും ജാക്കി ഷെറഫും മുഖ്യ വേഷങ്ങളില്‍ എത്തിയ അഗ്നിവര്‍ഷ എന്ന ബോളിവുഡ് ചിത്രത്തില്‍ എം.ബി.എസ് യൂത്ത് ക്വയറിലെ അംഗങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.
വസതിയായ ഏണിക്കര പ്ലാപ്പള്ളിലെയിന്‍ ഇ.ടി.ആര്‍.എ ബി 46 ‘വസന്തഗീത”ത്തില്‍ നിന്ന് ഭൗതികദേഹം ഇന്ന് ഉച്ചയ്ക്ക് 12.45ന് തിരുവനന്തപുരം പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിനായി കൊണ്ടുവരും. സംസ്കാരം 2ന് തൈക്കാട് ശാന്തികവാടത്തില്‍. ഭാര്യ നിഷ കെ. നായര്‍ (പി.ആര്‍.ഒ കേരള വാട്ടര്‍ അതോറിട്ടി). മക്കള്‍ ശിവനാരായണന്‍, പത്മനാഭന്‍. പരേതരായ എം.എന്‍. ഗംഗാധരന്റെയും (എം.എന്‍. മാരൂര്‍, റിട്ട. ജോയിന്റ് സെക്രട്ടറി സെക്രട്ടേറിയറ്റ്) ഉമയമ്മയുടെയും (റിട്ട. അദ്ധ്യാപിക) മകനാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍,

മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മന്ത്രി റോഷി അഗസ്റ്റിന്‍, രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ബി.ജെ.പി സംസ്ഥാന പ്രസിന്റ് കെ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *