NADAMMELPOYIL NEWS
OCTOBER 31/2022

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസില്‍ കൂടുതല്‍ തെളിവുകള്‍ തേടി അന്വേഷണസംഘം. ഗ്രീഷ്മയുടെ വീട്ടില്‍പോയ ദിവസം ഷാരോണ്‍ ധരിച്ച വസ്ത്രങ്ങള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കി. ഈ വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

കേസില്‍ ഷാരോണിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കല്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷവും തുടരുകയാണ്. എഎസ്പി സുള്‍ഫിക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫിസില്‍ ഇവരുടെ മൊഴി രേഖപ്പെടുത്തുന്നത്.

കൊലപാതകത്തില്‍ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും പങ്കുണ്ടെന്നാണ് ഷാരോണിന്റെ കുടുംബത്തിന്റെ പ്രധാന ആരോപണം. അമ്മയാണ് കഷായത്തില്‍ കളനാശിനി കലര്‍ത്തിനല്‍കിയതെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ കുടുംബം വീണ്ടും ഉന്നയിച്ചു. ഒക്ടോബര്‍ 14ാം തീയതി ഗ്രീഷ്മയുടെ വീട്ടില്‍പോയപ്പോള്‍ ഷാരോണ്‍ കൊണ്ടുപോയിരുന്ന ബാഗും കുടുംബം പോലിസ് സ്‌റ്റേഷനില്‍ എത്തിച്ചിരുന്നു.
അതിനിടെ, ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയുമായി തിങ്കളാഴ്ച അന്വേഷണസംഘത്തിന്റെ തെളിവെടുപ്പുണ്ടാകില്ല. ആത്മഹത്യാശ്രമത്തിന് പിന്നാലെ ഗ്രീഷ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാലാണ് തെളിവെടുപ്പ് മാറ്റിവെച്ചത്. ആരോഗ്യനില തൃപ്തികരമാണെങ്കിലും ഗ്രീഷ്മ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

തിങ്കളാഴ്ച രാവിലെയാണ് നെടുമങ്ങാട് പോലിസ് സ്‌റ്റേഷനില്‍വെച്ച് അണുനാശിനി കുടിച്ച് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ കയറിയ യുവതി, ഇവിടെയുണ്ടായിരുന്ന അണുനാശിനി കുടിച്ച് പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് ജീപ്പിലേക്ക് നടന്നുപോകുന്നതിനിടെ ഛര്‍ദിച്ചു. ഇതോടെയാണ് അണുനാശിനി കുടിച്ച വിവരം പുറത്തറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *