NADAMMELPOYIL NEWS
OCTOBER 28/2022
ചെന്നൈ: കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ അറസ്റ്റിലായ പ്രതി ഫിറോസ് ഇസ്മയിൽ കേരളത്തിൽ എത്തിയിരുന്നതായി പോലീസ്. ശ്രീലങ്കയിലെ ഈസ്റ്റർ സ്‌ഫോടന ക്‌സിലെ പ്രതികളായ മുഹമ്മദ് അഹ്‌സറുദ്ദീൻ, റാഷദ് അലി എന്നിവരെ കാണാനാണ് കേരളത്തിലെത്തിയതെന്ന് ഫിറോസ് പോലീസിനെ അറിയിച്ചു.
2019-ൽ നടന്ന ശ്രീലങ്കൻ സ്‌ഫോടനത്തിലെ രണ്ട് പ്രതികൾ വിയ്യൂർ ജയിലിൽ കഴിയുന്നുണ്ട്. റാഷിദ് അലി, മുഹമ്മദ് അഹ്‌സറുദ്ദീൻ എന്നിവരെ കണ്ടെന്നാണ് ഫിറോസ് വെളിപ്പെടുത്തിയത്. ഇരുവരും ഐഎസ് ബന്ധമുള്ളവരാണ്. കോയമ്പത്തൂർ സ്‌ഫോടനത്തിന് ഐഎസ് ബന്ധമുണ്ടെന്നും ഇത് കേരളത്തിലേക്കും നീളുന്നുവെന്നുമാണ് സംശയിക്കുന്നത്.
നിരോധിത സംഘടനയായ അൽ ഉമ്മയുമായി സംഭവത്തിന് ബന്ധമുള്ളതായി നേരത്തെ സൂചന ലഭിച്ചിരുന്നു. രാമനാഥപുരം ജില്ലയിലെ ഏർവാടിയിലെ ‘ഇസ്ലാമിയ പ്രചാര പേരവൈ’ എന്ന സംഘടനയിലെ രണ്ട് പേരെ അന്വേഷണസംഘം ചോദ്യം ചെയ്തു. സംഘടനയുടെ ഭാരവാഹികളായ അബ്ദുൾ ഖാദർ, മുഹമ്മദ് ഹുസൈൻ എന്നിവരെയാണ് ചോദ്യം ചെയ്തത്.
കേസിന്റെ ഗൗരവം പരിഗണിച്ചാണ് തമിഴ്‌നാട് സർക്കാർ അന്വേഷണം എൻഐഎയ്‌ക്ക് കൈമാറിയത്. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റിനും സാധ്യതയുണ്ട്. ഐഎസ് ബന്ധം വെളിപ്പെട്ട സാഹചര്യത്തിൽ അന്വേചഷണം വ്യാപിപ്പിക്കാനും കൂടുതൽ പേരെ ചോദ്യം ചെയ്യാനും കസ്റ്റഡിയിലെടുക്കാനും സാധ്യതയുണ്ട്.