NADAMMELPOYIL NEWS
OCTOBER 26/2022

ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ വിവിധ ഇടങ്ങളിലെത്തിച്ച് തെളിവെടുത്തു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷമായിരുന്നു തെളിവെടുപ്പ്. ഇതിനിടെ എംഎൽഎക്കെതിരെ മൊഴി നൽകരുതെന്ന് ചിലർ ഭീഷണിപ്പെടുത്തുന്നതായി യുവതി പരാതി നൽകി .
-ചോദ്യം ചെയ്യലിന്റെ മൂന്നാം ദിവസമാണ് എൽദോസ് കുന്നപ്പിള്ളിയെ കോവളത്ത് ഉൾപ്പെടെ എത്തിച്ച് തെളിവെടുത്തത്. ഇതിന് മുന്നോടിയായി ജനറൽ ആശുപത്രിയിൽ എംഎൽ.എയുടെ ലൈംഗിക ശേഷി പരിശോധിച്ചു. കോവളത്തെ സർക്കാർ ഗസ്റ്റ് ഹൗസിലും തുടർന്ന് വധശ്രമമുണ്ടായെന്ന് പറയുന്ന കോവളം ആത്മഹത്യ മുനമ്പിലും എൽദോസുമായി പൊലീസ് തെളിവെടുത്തു. ആത്മഹത്യ മുനമ്പിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചെന്ന ആരോപണം തെളിവെടുപ്പിൽ നിഷേധിച്ചു.
ജൂലൈ മാസം 27 ന് തന്നെ പീഡിപ്പിച്ചെന്ന് യുവതി മൊഴി നൽകിയിട്ടുള്ള ചൊവ്വരയിലെ സ്വകാര്യ റിസോർട്ടിൽ എത്തിച്ചും തെളിവെടുത്തു. അതേസമയം, യുവതിയുടെ ആരോപണങ്ങൾ തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് .
ഇതിനിടെ, ചില കോൺഗ്രസ് വനിതാ നേതാക്കളിൽ നിന്ന് ഭീഷണിയുള്ളതായി പരാതിക്കാരി വെളിപ്പെടുത്തി.
അതേസമയം വഞ്ചിയൂർ പൊലീസ് എടുത്ത കേസിൽ മുൻകൂർ ജാമ്യം തേടി എൽദോസ് ജില്ലാ കോടതിയെ സമീപിച്ചു. പീഡനക്കേസിൽ എൽദോസിനുള്ള മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *