NADAMMELPOYIL NEWS
OCTOBER 26/2022

കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി തിരികെ വീട്ടിലെത്തി. അല്പസമയം മുൻപാണ് അഷറഫ് വീട്ടിൽ എത്തിയത്. ഇയാളെ വിട്ടയച്ചു എന്ന് പൊലീസിന് രാവിലെ വിവരം കിട്ടിയെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. താമരശ്ശേരി പൊലീസ് ഇയാളിൽ നിന്ന് വിശദമായ മൊഴി എടുക്കും. കൊല്ലത്ത് കണ്ണുകെട്ടി ഇറക്കി വിട്ടുവെന്നും അവിടെ നിന്ന് ബസ്സിൽ കോഴിക്കോട് എത്തിയെന്നുമാണ് അഷ്റഫ് പറയുന്നത്. മൊബൈൽ ഫോൺ കൊട്ടേഷൻ സംഘം കൈവശപ്പെടുത്തിയെന്നും അഷ്റഫ് പറയുന്നു. കേസിൽ മലപ്പുറം പുത്തനത്താണി സ്വദേശി മുഹമ്മദ് ജൗഹറെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചനയില്‍ പങ്കെടുത്ത മറ്റ് രണ്ട് പേരുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
മുക്കത്ത് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന മുഹമ്മദ് അഷ്റഫിനെ ശനിയാഴ്ച രാത്രി 8.45 നാണ് താമരശേരിയില്‍ നിന്ന് രണ്ട് വാഹനങ്ങളില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളും അടിസ്ഥാനമാക്കി ഊര്‍ജ്ജിതമായി അന്വേഷണം നടത്തിയിട്ടും അഷറഫ് എവിടെയെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അഷ്റഫിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച രണ്ട് വാഹനങ്ങള്‍ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ അലി ഉബൈറാന്‍റെ നേതൃത്വത്തിലുളള സംഘമാണ് അഷ്റഫിനെ തട്ടികാണ്ടുപോയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചായിരുന്നു തട്ടിക്കൊണ്ടുപോകാനുളള വാഹനങ്ങളിലൊന്ന് വാടകയ്കക്ക് എടുത്തത്.
അലി ഉബൈറാന്‍റെ സഹോദരന്‍ അടക്കമുളളവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെയാണ് നിലവില്‍ പൊലീസ് കേസെടുത്തിട്ടുളളത്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനങ്ങളിലൊന്നായ സുമോ കാര്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മറ്റൊരു വാഹനമായ സ്വിഫ്റ്റ് കാര്‍ മലപ്പുറം കോട്ടക്കലിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. താമരശേരി പൊലീസെത്തി ഈ വാഹനം സ്റ്റേഷനിലേക്ക് മാറ്റി. അലി ഉബൈറാനും അഷ്റഫിന്‍റെ ഭാര്യ സഹോദരനും തമ്മിലുളള പണം ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കമാണ് തട്ടിക്കൊണ്ട് പോകലിലേക്ക് നയിച്ചതെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *