NADAMMELPOYIL NEWS
OCTOBER 19/2022
കൊടുവള്ളി: പ്രവാസലോകത്തെ ജീവകാരുണ്യ പ്രവർത്തന സംഘടനയായ ദുബായ് കെഎംസിസിയിൽ പൊട്ടിത്തെറി. പാർട്ടി പത്രത്തിന്റെ ഡയറക്ടറും കെഎംസിസി പ്രസിഡന്റും മുസ്ലിം ലീഗ് കൊടുവള്ളി മണ്ഡലം ട്രഷററുമായ ഇബ്രാഹിം എളേറ്റിലിനെ മുസ്ലിം ലീഗിൽനിന്നും പോഷകസംഘടനകളിൽനിന്നും പുറത്താക്കിയതിനെത്തുടർന്നുണ്ടായ ഭിന്നതയാണ് ഇപ്പോൾ രൂക്ഷമായിരിക്കുന്നത്.
കോഴിക്കോട് കൊടുവള്ളി സ്വദേശിയായ ഇബ്രാഹിം എളേറ്റിൽ ദീർഘകാലമായി കെഎംസിസിയുടെയും പാർട്ടി പത്രത്തിന്റെയും ഉന്നത പദവികളിലിരുന്ന വ്യക്തിയാണ്.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ദുബായ് സന്ദർശനത്തിനു പിന്നാലെയാണ്, എം.എ. യൂസഫലിയുമായി അടുത്ത ബന്ധമുള്ള ഇബ്രാഹിം എളേറ്റിലിനെ ലീഗിൽനിന്നു പുറത്താക്കിയത്. മിഡിൽ ഈസ്റ്റ് ചന്ദ്രികയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് പുറത്താക്കൽ നടപടി.
യുഎഇയിൽ വൻ പ്രചാരമുണ്ടായിരുന്ന പാർട്ടി പത്രത്തിന്റെ പ്രസിദ്ധീകരണം നിലച്ചതും പത്തു കോടി രൂപയുടെ ബാധ്യത പത്രത്തിനുണ്ടായതും എളേറ്റിലിന്റെ പിടിപ്പുകേടാണെന്നാണു പാർട്ടി നേതൃത്വത്തിന്റെ കണ്ടെത്തൽ. യുഎഇ സർക്കാരിലും വ്യവസായ പ്രമുഖർക്കിടയിലും വലിയ സ്വാധീനമുള്ള എളേറ്റിൽ പാർട്ടിക്കു മുകളിലേക്കു വളരുന്നുണ്ടെന്ന നേതൃത്വത്തിന്റെ തോന്നലാണു പുറത്താക്കൽ നടപടിക്കു കാരണമെന്നും റിപ്പോർട്ടുകളുണ്ട്.
ഇബ്രാഹിം എളേറ്റിൽ നാട്ടിൽ വന്ന സമയത്ത് ആക്ടിംഗ് പ്രസിഡന്റായ മുറിച്ചാണ്ടി ഇബ്രാഹിം സ്ഥാനമൊഴിയാൻ തയാറാകാത്തതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു. മെംബർഷിപ്പ് കാമ്പയിൻ നടക്കുന്ന സമയത്ത് താത്കാലിക ചുമതലയിലുണ്ടായിരുന്ന മുറിച്ചാണ്ടി ഇബ്രാഹിമിനെ സ്ഥാനത്ത് തുടരാൻ അനുവദിച്ചതിനു പിന്നിൽ ദുരൂഹതകളുണ്ടെന്നാണ് എളേറ്റിൽ വിഭാഗത്തിന്റെ ആരോപണം.
ഇതിനു പിന്നാലെ കോവിഡ് കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി കെഎംസിസിയുടെ നേതൃത്വത്തിൽ ചാർട്ടേഡ് വിമാനം ഓപ്പറേറ്റ് ചെയ്തതിനു പിന്നിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന ആരോപണവും ഉയർന്നുവന്നിട്ടുണ്ട്. ലീഗിലെ ഉന്നതനേതാവിന്റെ മകനുൾപ്പെടെയുള്ളവരുടെ അക്കൗണ്ടിലേക്ക് കോടിക്കണക്കിനു രൂപയാണ് ചാർട്ടേഡ് വിമാനത്തിന്റെ മറവിൽ എത്തിയിട്ടുള്ളതെന്നാണ് സൂചന.
ഇതോടെ സംഘടനയിലെ പ്രതിസന്ധി പുതിയ തലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇതോടെ എളേറ്റിലിനെതിരേയുള്ള സംസ്ഥാന നേതൃത്വത്തിന്റെ നടപടി മയപ്പെടുത്തിയതായും ഒരുവിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. കഴിഞ്ഞകാല കമ്മിറ്റി നടത്തിയ വൻ അഴിമതികൾ സംബന്ധിച്ച രേഖകൾ പുറത്തുവിടുമെന്നാണ് എളേറ്റിൽ വിഭാഗത്തിലെ ഉന്നതൻ ദീപികയോട് പ്രതികരിച്ചിരിക്കുന്നത്.
ഔദ്യോഗിക പക്ഷത്തിനെതിരേ എതിർപക്ഷം നടത്തിയ അപ്രതീക്ഷിത നീക്കത്തിൽ കെഎംസിസിയുടെ സംസ്ഥാന നേതാവായ അഭിഭാഷകനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. പ്രമുഖരായ ചില നേതാക്കൾക്ക് ദുബായിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
ഇതോടെ ദേശീയ നേതാവുൾപ്പെടെ ചില പ്രമുഖർ യുഎഇയിലേക്കു പോകാൻ കഴിയാതെ നാട്ടിൽ കുടുങ്ങുകയും യുഎഇയിലുള്ള നേതാക്കൾക്കു നാട്ടിലേക്കു വരാൻ പറ്റാത്താകുകയും ചെയ്തിരിക്കുകയാണ്. പ്രവാസികളുടെ സാമൂഹ്യസുരക്ഷാ പദ്ധതികളിലുൾപ്പെടെ നടന്നിട്ടുള്ള അഴിമതി സംബന്ധിച്ച പരാതികളിൽ കെഎംസിസിയുടെ നേതാക്കളെ ദുബായ് പോലീസ് ചോദ്യംചെയ്തുവരികയാണ്.
നാലു പതിറ്റാണ്ട് കാലം കെഎംസിസിയെ നയിച്ച ഇബ്രാഹിം എളേറ്റൽ സംഘടനയ്ക്ക് യുഎഇ സർക്കാരിന്റെ അംഗീകാരം നേടിക്കൊടുക്കുന്നതിനും ദുബായിൽ സർക്കാർ അനുവദിച്ച സ്ഥലത്ത് എം.എ. യൂസഫലിയുടെ സഹകരണത്തോടെ കെഎംസിസി ആസ്ഥാനമന്ദിരം പണിയുന്നതിനും മുൻപന്തിയിലുണ്ടായിരുന്നു. എളേറ്റിൽ ഉൾപ്പെടെ അഞ്ചുപേരാണ് യുഎഇ സർക്കാർ അംഗീകരിച്ച കെഎംസിസിയുടെ ഭാരവാഹികൾ. യുഎഇയിൽ അംഗീകാരമുള്ള ഏക ജീവകാരുണ്യ പ്രവർത്തന സംഘടനയും കെഎംസിസിയാണ്. കെഎംസിസിയിലെ പ്രതിസന്ധി അണികളിലും അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്.