NADAMMELPOYIL NEWS
OCTOBER 05/2022
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ അസം സ്വദേശികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാളെ കടലിൽ മുക്കിക്കൊന്നു. 26കാരനായ ദുലു രാജബൊംശിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാത്രി 12.30ഓടെയാണ് സംഭവമുണ്ടായത്. കേസിലെ പ്രതികളായ മനോരഞ്ജൻ, ലക്ഷ്മി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊയിലാണ്ടി ഹാർബറിന് ചേർന്നുള്ള പ്രദേശത്താണ് കൊലപാതകം നടന്നത്. ലഹരിക്ക് അടിമപ്പെട്ടാണ് കൊലപാതകം എന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. അടുത്തിടെയാണ് ഇവർ കൊയിലാണ്ടിയിലേക്ക് ജോലിക്കായി എത്തിയത്. തർക്കത്തിനിടെ മനോരഞ്ജനും ലക്ഷ്മിയും ചേർന്ന് ദുലു രാജബൊംശിയെ കഴുത്തിൽ ബെൽറ്റിട്ട് മുറുക്കിയതിന് ശേഷം കടലിൽ മുക്കിക്കൊല്ലുകയായിരുന്നു.
പത്ത് മണിയോടെ ഇവരെ തെളിവെടുപ്പിന് കൊണ്ടുവരും. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കും.