NADAMMELPOYIL NEWS
OCTOBER 03/2022
കണ്ണൂർ: അന്തരിച്ച മുതിർന്ന സി.പി.എം നേതാവും പൊളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍റെ സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് കണ്ണൂർ പയ്യാമ്പലത്ത് നടക്കും. പയ്യാമ്പലം കടപ്പുറത്ത് രാഷ്ട്രീയഗുരു ഇ.കെ. നായനാർ, പാർട്ടി മുൻ സെക്രട്ടറി ചടയൻ ഗോവിന്ദൻ എന്നിവരുടെ സ്മൃതികുടീരത്തിന് സമീപത്തായാണ് കോടിയേരിക്ക് ചിതയൊരുക്കുന്നത്. അതിനുള്ള മുന്നൊരുക്കങ്ങൾ പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ പൂർത്തിയായി. പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഭിവാദ്യങ്ങളർപ്പിക്കാനുമായി ആയിരങ്ങളാണ് കണ്ണൂരിലേക്ക് ഒഴുകുന്നത്.
ഇന്നലെ രാത്രി 10 വരെ തലശ്ശേരി ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ ജനപ്രവാഹമായിരുന്നു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പ്രമുഖ വ്യക്തികളും പാർട്ടി പ്രവർത്തകരും സാധാരണക്കാരുമെല്ലാം കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന നേതാവിന് ആദരാഞ്ജലികളർപ്പിക്കാനെത്തി.
രാത്രി 11ഓടെ തലശ്ശേരി മാടപ്പീടികയിലെ വീട്ടിലേക്ക് മൃതദേഹം എത്തിക്കുമ്പോഴേക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളും വീട്ടിലെത്തിയിരുന്നു. അർധരാത്രി കഴിഞ്ഞും ആളുകൾ കോടിയേരിയുടെ ഭൗതികദേഹത്തിൽ അന്ത്യാഭിവാദ്യമർപ്പിക്കാനായി വീട്ടിലേക്കെത്തി.
ഇന്ന് രാവിലെ 10ഓടെ വീട്ടിലെ പൊതുദർശനം പൂർത്തിയാക്കി കണ്ണൂരിലെ സി.പി.എം ജില്ല കമ്മിറ്റി ഓഫിസിലേക്ക് മൃതദേഹം കൊണ്ടുപോകും. ഇവിടെയും പൊതുദർശനത്തിന് ശേഷം വൈകീട്ട് മൂന്നോടെ സംസ്കാരത്തിനായി പയ്യാമ്പലത്തേക്ക്.
സ്ഥലപരിമിതി കണക്കിലെടുത്ത് പാർട്ടി നേതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും മാത്രമാണ് സംസ്കാര ചടങ്ങ് നടക്കുന്ന തീരത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ബാക്കിയുള്ളവർക്ക് ദൂരെനിന്ന് ചടങ്ങ് കാണാൻ സംവിധാനമൊരുക്കും.