NADAMMELPOYIL NEWS
SEPTEMBER 27/2022

കണ്ണൂര്‍: മുസ്‌ലിം ലീഗ് സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ കല്ലായിക്ക് എതിരായ നടപടി പ്രതികാര നടപടിയെന്ന് എം കെ മുനീര്‍. മോദി രീതിയില്‍ ഉള്ള പ്രതികാര നടപടികളാണ് കേരളത്തിലും നടക്കുന്നത്. ലീഗ് നേതാക്കളെ വിജിലന്‍സ് കേസുകളില്‍ കുടുക്കുകയാണ്. അന്വേഷണത്തില്‍ ഭയപ്പെടുന്നില്ല. എന്നാല്‍, അന്വേഷണങ്ങളില്‍ സുതാര്യത വേണമെന്നും എം കെ മുനീര്‍ പറഞ്ഞു.

മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മ്മാണത്തില്‍ അഴിമതിയെന്ന പരാതിയില്‍ ആണ് അബ്ദുല്‍ റഹ്മാന്‍ കല്ലായിയെ പ്രതി ചേര്‍ത്തത്. പ്രതി ചേര്‍ക്കപ്പെട്ടവരെ കഴിഞ്ഞ ദിവസം പോലിസ് ചോദ്യം ചെയ്തിരുന്നു. മുസ്‌ലിം ലീഗ് സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ കല്ലായി, കോണ്‍ഗ്രസ് നേതാവ് എം സി കുഞ്ഞമ്മദ്, യു മഹ്‌റൂഫ് എന്നിവരെയാണ് ചോദ്യം ചെയ്തത് . മുന്‍കൂര്‍ ജാമ്യ വ്യവസ്ഥ അനുസരിച്ചാണ് ഇവര്‍ ഹാജരായത്.
മട്ടന്നൂര്‍ ടൗണ്‍ ജുമുഅ മസ്ജിദിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുണ്ടായെന്ന പരാതിയിലാണ് പള്ളി കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ മട്ടന്നൂര്‍ പോലിസ് കേസെടുത്തത്. വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ നടത്തിയ നിര്‍മാണപ്രവൃത്തിയില്‍ കോടികളുടെ വെട്ടിപ്പ് നടന്നതായാണ് പരാതി.

മൂന്ന് കോടി ചെലവായ നിര്‍മ്മാണത്തിന് പത്ത് കോടി രൂപയോളമാണ് കണക്കില്‍ കാണിച്ചതെന്ന് പരാതിയില്‍ പറയുന്നു. കണക്കില്‍ കാണിച്ച തുകയ്ക്ക് ബില്ലുകളോ വൗച്ചറുകളോ ഇല്ല. കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയതിലും വെട്ടിപ്പ് നടന്നുവെന്ന് ആരോപണമുണ്ട്. ജമാഅത്ത് കമ്മറ്റി ജനറല്‍ ബോഡി അംഗം മട്ടന്നൂര്‍ നിടുവോട്ടുംകുന്നിലെ എം പി ശമീറിന്റെ പരാതിയിലാണ് മട്ടന്നൂര്‍ മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡന്റും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുള്‍ റഹ്മാന്‍ കല്ലായി, നിലവിലെ മഹല്ല് കമ്മിറ്റി പ്രസിഡന്റ് എം സി കുഞ്ഞമ്മദ്, മഹല്ല് കമ്മിറ്റി സെക്രട്ടറി യു മഹറൂഫ് എന്നിവരുടെ പേരില്‍ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *