NADAMMELPOYIL NEWS
SEPTEMBER 25/2022

തിരുവനന്തപുരം: കോഴിക്കോട് നിന്ന് ഒരു 16 വയസുകാരൻ കാണാന്‍ എത്തിയിട്ടുണ്ട്, പൊലീസുകാരാണ് ഈ വിവരം മുഖ്യമന്ത്രിയുടെ ഓഫീസില്‍ അറിയിച്ചത്. വായ്പ മുടങ്ങിയോടെ വീട്ടുകാര് ആകെ സങ്കടത്തിലായി. ഇത് സഹിക്കാനാകാതെയാണ് മുഖ്യമന്ത്രിയെ കണ്ട് സഹായം തേടാന്‍ ദേവാനന്ദന്‍ എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് എത്തിയത്. കുറ്റ്യാടി വേളം സ്വദേശിയായ ദേവാനന്ദ് ഇന്നലെ രാത്രിയാണ് തിരുവനന്തപുരത്തെത്തിയത്.
രാത്രി ഒൻപതരയോടെ ക്ലിഫ് ഹൗസിന് മുന്നിൽ ഓട്ടോയിൽ വന്നിറങ്ങിയ കുട്ടി മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യമാണ് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇത് കേട്ട് ഉദ്യോഗസ്ഥര്‍ ഒന്ന് അമ്പരന്നു. ഉടന്‍ തന്നെ മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിച്ചു. പൊലീസ് ദേവാനന്ദിനോട് കാര്യങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞു. ദേവനന്ദന്‍റെ അച്ഛൻ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്തിരുന്നു.

വായ്പ മുടങ്ങിയതോടെ ഭീഷണിയും ശല്യവുമായി. വീട്ടുകാരുടെ കണ്ണീര് കണ്ട് മനസുനീറിയാണ് വിദ്യാര്‍ത്ഥി കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് എത്തിയത്. എങ്ങനെയെങ്കിലും മുഖ്യമന്ത്രിയെ കാണണം എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് വേദാനന്ദന് ഉണ്ടായിരുന്നത്. വീട്ടുകാര് പോലും അറിയാതെയാണ് കുട്ടി കോഴിക്കോട് നിന്ന് തലസ്ഥാനത്ത് എത്തിയതെന്ന് പൊലീസ് മനസിലായി. ഇതോടെ രാത്രി തന്നെ രക്ഷിതാക്കളെ പൊലീസ് വിവരം അറിയിച്ചു.

കാര്യങ്ങള്‍ അറിഞ്ഞതോടെ ദേവാനന്ദന്‍റെ അച്ഛന്‍ രാജീവ് രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തി. ഇരുവര്‍ക്കും വേണ്ട സൗകര്യങ്ങള്‍ എല്ലാം പൊലീസ് തന്നെ ഒരുക്കിയിരുന്നു. ഒടുവില്‍ ദേവാനന്ദന്‍റെ ആവശ്യം അറിഞ്ഞ് മുഖ്യമന്ത്രിയെ കാണാനുള്ള അവസരവും ഒരുങ്ങി. കുട്ടിയെയും അച്ഛനെയും സെക്രട്ടറിയേറ്റിലെ ഓഫീസില്‍ വച്ച് കാണാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എല്ലാ സങ്കടങ്ങളും മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. കടം തീര്‍ക്കാനുള്ള എല്ലാ ഇടപെടലുകളും നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതോടെ ദേവാനന്ദന്‍റെ മുഖം തെളിഞ്ഞു.

മുഖ്യമന്ത്രി കുട്ടിക്ക് സ്നേഹത്തോടെ ഉപദേശവും നല്‍കി. ഇനി ഇങ്ങനെ വീട്ടുകാരെ ഒന്നും അറിയിക്കാതെ ഇറങ്ങി പോകരുത് എന്നായിരുന്നു ഉപദേശം. ഇല്ലെന്ന് ദേവാനന്ദന്‍ ഉറപ്പും നല്‍കി. മുഖ്യമന്ത്രി നല്‍കി ഉറപ്പില്‍ പ്രതീക്ഷയോടെയാണ് ദേവാനന്ദൻ സെക്രട്ടേറിയറ്റിൽ നിന്ന് മടങ്ങിയത്. പൊലീസുകാര്‍ തന്നെ ദേവാനന്ദനെയും അച്ഛനെയും റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *